Hot Posts

6/recent/ticker-posts

പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; രണ്ട് സ്ത്രീകൾക്ക് പരുക്ക്

തൃശ്ശൂർ വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റു. വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. 


കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രഷർ കുക്കർ പൊട്ടിത്തെറിച്ചത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധികുമാർ (43) എന്നിവർക്കാണ് പരുക്കേറ്റത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പാചകം ചെയ്യാനുള്ള സാധനങ്ങൾ കുക്കറിന്റെ പകുതിയിൽക്കൂടുതൽ ഉണ്ടായിരിക്കരുത്. 

2. പെട്ടെന്നു തുറക്കേണ്ടി വന്നാൽ പ്രഷർകുക്കർ പച്ചവെള്ളത്തിൽ ഇറക്കി വച്ചോ, അടപ്പിനു മീതെ വെള്ളമൊഴിച്ചോ തണുപ്പിക്കുക. അകത്തെ പ്രഷർ കുറയുമ്പോൾ മൂടി അനായാസം തുറക്കാം. വെള്ളം പുറത്തൊഴിക്കുമ്പോൾ വെയിറ്റിന്റെ മീതെ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ പുറമേ വെള്ളമൊഴിച്ചു തണുപ്പിക്കുന്നതു കൊണ്ടു പാകം ചെയ്ത ഭക്ഷണ സാധനം തണുത്തു പോകുമെന്നു ഭയപ്പെടേണ്ടതില്ല. 

3. പാകം ചെയ്ത ശേഷം പ്രഷർകുക്കറിന്റെ വെയിറ്റ് വളരെ നേരം വയ്ക്കരുത്. പാത്രം സീൽ ചെയ്തതുപോലെ അധികനേരം അടച്ചു വച്ചാൽ ഭക്ഷണസാധനത്തിനു രുചി വ്യത്യാസം ഉണ്ടാകും. 

4. വെയിറ്റു വയ്ക്കുന്ന ദ്വാരം അഴുക്കു കയറി അടഞ്ഞാൽ ഈർക്കിലോ കമ്പിയോ ഇട്ടു കുത്താതെ ഒരു തുണിക്കഷണം തിരിപോലെ തെറുത്ത് ആ ദ്വാരത്തിൽ കയറ്റി വൃത്തിയാക്കുക. 

5. പ്രഷർകുക്കർ കഴുകി വൃത്തിയാക്കിയശേഷം മൂടി മുറുകെ അടച്ചു വയ്ക്കരുത്. മൂടി മറിച്ചു വച്ച് അടയ്ക്കുക. മൂടി കൊണ്ടു മുറുകെ അടച്ചു വച്ചിരുന്നാൽ ദുർഗന്ധമുണ്ടാകും. 
6. കടലമാവോ, ചീവക്കായ് പൊടിയോ ഇട്ടു പ്രഷർകുക്കർ ചൂടുവെള്ളമൊഴിച്ചു കഴുകിത്തുടച്ചു വെയിലത്തു വച്ച് ഉണക്കി വയ്ക്കുക. സാമ്പാർ തുടങ്ങി പ്രത്യേക ഗന്ധമുള്ള വിഭവങ്ങൾ പാകപ്പെടുത്തിക്കഴിഞ്ഞാലുടൻ തന്നെ പ്രഷർകുക്കർ കഴുകി വൃത്തിയാക്കേണ്ടതാണ്. അല്ലെങ്കിൽ കായത്തിന്റെയും മറ്റും മണം പിന്നീടു പാകപ്പെടുത്തുന്ന വിഭവങ്ങളിൽ പിടിക്കാനിടയുണ്ട്. 

7. ഇൻഡിക്കേറ്റർ വെയിറ്റ്  താഴെയിടരുത്. പല പ്രാവശ്യം താഴെ വീണാൽ അതിനു കേടു വരും. 

8. പ്രഷർകുക്കറിന്റെ മൂടി ചേർത്തടയ്ക്കുന്നതിനു വേണ്ടിയുള്ള പരന്ന റബർ സീലിംഗ് ഗാസ്ക്കറ്റും, മൂടിയും പാത്രവും തമ്മിൽ ചേരുന്നിടത്തുള്ള വിടവും ശരിക്കു കഴുകേണ്ടതാണ്. പ്രത്യേകിച്ചു കൊഴുപ്പുള്ള സാധനങ്ങൾ പാകം ചെയ്ത ശേഷം ഏതെങ്കിലുമൊരു വിഭവം പാകം ചെയ്ത ശേഷം ഉടൻ തന്നെ പ്രഷർ കുക്കർ കഴുകി വൃത്തിയാക്കി വയ്ക്കണം. പാകം ചെയ്ത സാധനം പാത്രത്തിൽ ഉണങ്ങിപ്പിടിക്കാൻ അനുവദിച്ചു കൂടാ.

9. പ്രഷർ കുക്കറിൽ പാകം ചെയ്യുന്ന ഓരോ വിഭവത്തിനും ചേർക്കേണ്ട വെള്ളത്തിന്റെ കണക്ക് അവരവർ തന്നെ അനുഭവത്തിൽ കൂടി കണ്ടുപിടിച്ച് എഴുതിയിടുന്നതു നന്നായിരിക്കും. പുസ്തകത്തിലെ കണക്ക് എല്ലാ വിഭവങ്ങളെ സംബന്ധിച്ചും ശരിയാകുകയില്ല. അനുഭവത്തിൽ കൂടി നാം മനസിലാക്കുന്ന വസ്തുതകളിൽ ശ്രദ്ധിച്ചാൽ മാത്രമേ പ്രഷർകുക്കറിലുള്ള പാചകം വിജയകരമാകൂ. 

10. തേങ്ങാപ്പാൽ ചേർക്കേണ്ട നാടൻ കറികൾക്കു കറി കുറുകിയശേഷം പ്രഷർകുക്കർ ഇറക്കിവച്ചു തുറന്നു കറി അല്പം തണുത്തശേഷമേ കുറുകിയ തേങ്ങാപ്പാല്‍ ചേർക്കാവൂ. പ്രഷർകുക്കറിൽ തേങ്ങാപ്പാൽ ചേർത്തു പാകപ്പെടുത്തിയാൽ പ്രഷര്‍കൊണ്ടു തേങ്ങാപ്പാൽ എണ്ണയായിപ്പോകും.  

11. ഏതെങ്കിലും കറി തയ്യാറാക്കുമ്പോൾ ചാറു കൂടിപ്പോയാൽ കറി കൂടുതൽ സമയം തിളപ്പിച്ചു വറ്റിക്കുന്നതിനെക്കാൾ നല്ലതു ചാറു മാത്രം ഊറ്റിയെടുത്ത് അടുപ്പിൽ വച്ചു വറ്റിച്ചു കറിയിൽ ചേർത്തു വീണ്ടും എല്ലാംകൂടി തിളപ്പിച്ചെടുക്കുകയാണ്. അല്ലെങ്കിൽ കഷണം മുഴുവൻ വെന്തു കലങ്ങിപ്പോകും. 

12. ഒരു പാചകത്തിനും വെന്തവെള്ളം ഊറ്റിക്കളയരുത്. കറിയുടെ സ്വാദും ഗുണവും ഈ ചാറിലുണ്ടെന്നുള്ളത് ഓർമിച്ചിരിക്കണം. പ്രഷർകുക്കറിന്റെ പിടി തീയുടെ ചൂട് അധികം തട്ടാത്ത ഭാഗത്തേക്കു തിരിച്ചുവയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചൂടു വളരെ കൂടിയാൽ പിടി ഉരുകിപ്പോകും. 
Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി