പാലാ: ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സി.പി.എം., സി.പി.ഐ അനുഭാവികളായ അംഗങ്ങൾ യു.ഡി.എഫ് വിജയത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായി ആക്ഷേപം. ഇന്ന് നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് വനിതയ്ക്കായി സംവരണം ചെയ്ത പ്രസിഡണ്ട് പദവിയിലേക്ക് കേരള കോൺ.(എം) സ്ഥാനാർത്ഥി മത്സരിക്കുവാൻ നാമനിർദ്ദേശം സമർപ്പിച്ചു. പക്ഷെ എൽ ഡി എഫ് തീരുമാനപ്രകാരം വോട്ടെടുപ്പിൽ പങ്കെടുക്കുവാൻ സി.പി.എം, സി.പി.ഐ അനുഭാവ അംഗങ്ങൾ എത്തിയില്ല.
പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റപ്പോൾ എൽ.ഡി.എഫിനും യു.ഡി.എഫിനും 6 വീതം അംഗങ്ങളായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത്. ആദ്യം നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തുല്ല്യം വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിൽ യു.ഡി.എഫ് അംഗം പ്രസിഡണ്ടും കേ.കോൺ (എം) അംഗം വൈസ് പ്രസിഡണ്ടുമായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് വർഷം കഴിഞ്ഞപ്പോൾ സി.പി.എം അനുകൂലികളായ രണ്ടു പേർ യു ഡി.എഫിന് പിന്തുണ നൽകുകയും ഒരാൾ വൈസ് പ്രസിഡണ്ടാവുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് പാനലിൽ മത്സരിച്ച് വിജയിച്ച ശേഷം യു.ഡി.എഫ് പക്ഷത്തേയ്ക്ക് കൂറുമാറിയവർക്കെതിരെ കൂറുമാറ്റ നിയമപ്രകാരം എൽ.ഡി.എഫ്.പരാതി നൽകിയിരുന്നില്ല.
ഇങ്ങനെ യു.ഡി.എഫ് പക്ഷത്ത് എത്തിയവർ അവരുമായി തെറ്റി പിരിഞ്ഞ് ഇപ്പോൾ മാറി നിൽകുന്ന സാഹചര്യത്തിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടന്നത് എൽ.ഡി.എഫിലെ അനൈക്യം നേതൃത്വത്തിന് വലിയ മാനക്കേട് വരുത്തി വച്ചിരിക്കുകയാണ്. എൽ.ഡി.എഫ് തീരുമാനം നടപ്പിലാക്കുവാൻ സി.പി.എം, സി.പി.ഐ പ്രതിനിധികൾക്ക് ആയില്ല.
നിയമ സഭാ, പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ഇതേ നടപടികളാണ് ഉണ്ടാവുന്നതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു. വലിയ ചതിയാണ് ഉണ്ടായതെന്ന് യു.ഡി.എഫിന് എതിരായി മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാത്ഥി പറഞ്ഞു. എൽ.ഡി.എഫ് വിരുദ്ധ സമീപനം സ്വീകരിച്ച അംഗങ്ങൾക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കേ.കോൺ (എം) പ്രതികരിച്ചു.