ഈരാറ്റുപേട്ട: പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് മുൻപ് നിയമിച്ചിരുന്ന കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള പരിസ്ഥിതി ആഘാത പഠന കമ്മീഷൻ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പശ്ചിമഘട്ട മേഖലകളിലെ ഭൂപ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഏതൊക്കെ ഭൂപ്രദേശങ്ങളാണ് പ്രസ്‌തുത ESA യിൽ പെടുത്തുന്നതിന് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് 31.07.2024 ൽ പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനം പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമെന്നുള്ള നിലയിൽ കാണിച്ചിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്.
ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും, അനാവശ്യ നിയന്ത്രണങ്ങളും, നിബന്ധനകളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നതിനും, ഇതുസംബന്ധമായ ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനും, മറ്റുമായി ഈ മാസം പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ ഒരു യോഗം വിളിച്ചു ചേർത്തിട്ടുള്ളതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പ്രസ്തുത മേഖലകളിലെ എല്ലാ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തിൽ സംബന്ധിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു. ഈ യോഗത്തിലെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും, ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങളും മറ്റു ഒഴിവാക്കുന്നതിന് എല്ലാവിധ പരിശ്രമങ്ങളും നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട നിർദിഷ്ട 60 ദിവസത്തിനുള്ളിൽ ശാസ്ത്രീയമായ വസ്തുതകളുടെ പിൻബലത്തോടെ ആക്ഷേപം ബോധിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.