പാലാ: ചികിത്സ തേടി നഗര കേന്ദ്രo ലക്ഷ്യമാക്കി ഇനി പോകേണ്ട. ഡോക്ടറെ കാണുവാൻ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തു നിൽക്കുകയും വേണ്ട. രോഗനിർണ്ണയവും മരുന്നുമായി ഡോക്ടറും നഴ്സും അടുത്തുണ്ട്. പാലാ നഗരസഭയിലെ പ്രഥമ ജനകീയ ആരോഗ്യ കേന്ദ്രം മുണ്ടുപാലം പരമലകുന്നിൽ പ്രവർത്തനം ആരംഭിച്ചു.
14 ഇനം രോഗനിർണ്ണയ പരിശോധനകൾക്കും ഇവിടെ സൗകര്യം ഉണ്ട്. ചികിത്സയും മരുന്നുകളും സൗജന്യമാണ്. മൈനർ ഡ്രസ്സിംഗ്, രോഗീ നിരീക്ഷണം, ജീവിത ശൈലി രോഗനിർണ്ണയ സൗകര്യം, റഫറൽ സംവിധാനം, ബോധവൽക്കരണ ക്ലാസ്സുകൾ, ഗർഭണികൾക്കായുളള പരിശോധനകൾ, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പു സേവനങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭിക്കു.
48 ലക്ഷം രൂപയാണ് പദ്ധതി ചിലവ്. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പരമലക്കുന്നിൽ നടന്ന ചടങ്ങിൽ ജോസ് കെ മാണി എം.പി ആരോഗ്യ കേന്ദ്രo പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭയിൽ രണ്ടാമത് ഒരു ജനകീയ ആരോഗ്യ കേന്ദ്രം കൂടി ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻമാരായ ലീന സണ്ണി, ലിസ്സി കുട്ടി മാത്യു, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, ബിന്ദു മനു, നഗരസഭാ കൗൺസിലർമാരായ ആൻ്റോ പടിഞ്ഞാറേക്കര, ബിജി ജോജോ, ജോസ് ചീരാംകുഴി, ലീന ചെറുവള്ളി, ജോസിൻ ബിനോ, സതി ശശികുമാർ, സിജി പ്രസാദ്, ആനി ബിജോയി, മായാപ്രദീപ്, ഡോ.വ്യാസ് സുകുമാരൻ, ഡോ. ടി.പി.അഭിലാഷ്, കെ.എച്ച്.ഷെമി, ജൂഹി മരിയ ടോം, ബെറ്റി ഷാജു, ബിജു പാലൂപടവൻ, ജോർജ്കുട്ടി ചെറുവള്ളി, ജോസുകുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു.