സംസ്ഥാനത്ത് മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സവിശേഷ വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന സ്പെഷ്യൽ സ്‌കൂൾ മേഖലയോടുള്ള നിരന്തരമായ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെൻറും സെപ്റ്റംബർ 11 ബുധനാഴ്‌ച സെക്രട്ടറിയേറ്റിനു മുൻപിൽ സൂചനാ ഉപവാസസമരം നടത്തും.
ഈ സ്ഥാപനങ്ങൾക്ക് 2023-24 സാമ്പത്തിക വർഷത്തെ പാക്കേജ് വിതരണം ചെയ്യുന്നതിനായി ഇറങ്ങിയ ഉത്തരവിലെ (സ.ഉ (കൈ) നം. 56/2023/പൊ.വി.വ തീയ്യതി, തിരുവനന്തപുരം, 10.5.2023) അപാകതകൾ ചൂണ്ടിക്കാട്ടി പലതവണ നിവേദനങ്ങൾ സമർപ്പിച്ചതാണ്, ആവശ്യമായ തിരുത്തലുകൾ വരുത്താമെന്ന് 9.10.2023 ന് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉറപ്പു നൽകിയിരുന്നു.
തുടർന്നു നടന്ന കോൺക്ലേവിൽ ചർച്ച ചെയ്‌ത് പരിഹാരമുണ്ടാക്കുമെന്നു പറഞ്ഞെങ്കിലും അതുമുണ്ടായില്ല. ഈ കാരണത്താൽ ഈ വർഷത്തെ (24-25) പാക്കേജിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുമില്ല. കഴിഞ്ഞ വർഷം (2023-24) പാക്കേജ് തുക വിതരണം ചെയ്‌തതിലെ അപാകതകളെത്തുടർന്ന് പല സ്ഥാപനങ്ങളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കുടുംബ പെൻഷനുകളുടെ പ്രതിമാസവരുമാനപരിധി അയ്യായിരമാക്കിക്കുറച്ചതു കൊണ്ട് ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിക്ക് പുറത്തായി.
ഈ ദുരിതസാഹചര്യത്തിൽ അടിയന്തിരമായ ഇടപെടലുകൾ ഉണ്ടാകാത്ത സാഹചര്യത്തിൽ സെപ്റ്റംബർ 11 ബുധനാഴ്‌ച സെക്രട്ടറിയേറ്റിനു മുൻപിൽ സൂചനാ ഉപവാസ സമരം നടത്തുമെന്ന് സംയുക്ത സമരസമിതിക്ക് വേണ്ടി ചെയർമാൻ ഫാ. റോയി മാത്യു വടക്കേൽ, കൺവീനർ തങ്കമണി, കോ- ഓർഡിനേറ്റർ കെ.എം. ജോർജ്ജ് എന്നിവർ അറിയിച്ചു.