ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തുകളിലൂടെയും കത്തോലിക്കാ സഭയ്ക്കും അരുവിത്തുറ ഇടവക സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വി.ഡി. തോമാ കത്തനാരുടെ സ്വർഗ്ഗീയ പ്രവേശനത്തിൻ്റെ 75-ാം വാർഷികം സെപ്റ്റംബർ 19 വ്യാഴാഴ്ച അരുവിത്തുറ സെൻ്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന, ഒപ്പീസ്. തുടർന്ന് പാരീഷ് ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വലിയവീട്ടിൽ കുടുംബയോഗം പ്രസിഡൻ്റ് ജോഷി വള്ളിക്കാപ്പിൽ അദ്ധ്യക്ഷം വഹിക്കുന്ന യോഗത്തിൽ അരുവിത്തുറ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, വി.ഡി. തോമാകത്തനാർ അനുസ്മരണപ്രഭാഷണവും, ചാക്കോ സി പൊരിയത്ത് തോമാകത്തനാരുടെ പുസ്തകങ്ങളെക്കുറിച്ച് അവലോകനവും നടത്തും.
വലിയവീട്ടിൽ കുടുംബയോഗം സെക്രട്ടറി ബിനോയി സെബാസ്റ്റ്യൻ സ്വാഗതവും രക്ഷാധികാരി പി.വി. ജോസഫ് പുറപ്പന്താനം ആശംസയും അർപ്പിക്കും. അരുവിത്തുറയിലെ വിവിധ കുടുംബയോഗഭാരവാഹികളായ അഡ്വ. സെബാസ്റ്റ്യൻ പ്ലാത്തോട്ടം, ഉണ്ണികുഞ്ഞ് ജോർജ്ജ് വെള്ളൂകുന്നേൽ, ഡോ. റെജി വർഗ്ഗീസ് മേക്കാടൻ സംസാരിക്കും. വലിയവീട്ടിൽ ചാരിറ്റബിൾ ട്രസ്റ്റ് സാജി പുറപ്പന്താനം യോഗത്തിന് കൃതജ്ഞത അർപ്പിക്കും.
വി.ഡി. തോമകത്തനാരുടെ, അരുവിത്തുറയേയും അന്ന് അവിടെയുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെയും കുറിച്ചെഴുതിയ "അരിവിത്രേതിഹാസം", കത്തോലിക്കാ പണ്ഡിതന്മാരുടെ പ്രബന്ധങ്ങളിൽ നിന്നും സംക്ഷേപിച്ച് നസ്രാണി ദീപിക, മലയാള മനോരമ എന്നീ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച "ദിവ്യ സാഹിത്യ പ്രവേശം" സംസ്കൃതത്തിലുള്ള നാനൂറിൽപരം കാവ്യത്നങ്ങളെ തെരഞ്ഞു പിടിച്ച് ഗ്രഹിക്കാവുന്ന വിധത്തിൽ വ്യാഖ്യാനിച്ചിരിക്കുന്ന 'മണിമാളിക' എന്നീ പുസ്തകങ്ങൾ പുതിയ ലിപിയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അരുവിത്തുറ വാഴേപറമ്പിൽ ദേവസ്യായുടെയും അച്ചാമ്മയുടെയും ഒൻപത് മക്കളിൽ മൂത്തപുത്രനായി 1869 മാർച്ച് 18 ൽ ജനിച്ച വി.ഡി. തോമാ 1890 ജനുവരി 5 ന് ദേശപട്ടം സ്വീകരിച്ച് 1892 മുതൽ 1928 വരെ അരുവിത്തുറ പള്ളിയിൽ സഹവികാരിയായി സേവനം ചെയ്തു. പ്രാർത്ഥനയുടെ കരുത്തിൽ അരുവിത്തുറ ഇടവകയിൽ നീണ്ട 59 വർഷം വൈദിക സേവനം നടത്തിയ വി.ഡി. തോമാകത്തനാർ 1949 സെപ്തംബർ 2 ന് ൽ ദിവംഗതനായി.