കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കോട്ടയം ജില്ലയിൽ പൂർത്തീകരിച്ച 8.74 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഒക്ടോബർ 22 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ കെ.ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനവും മന്ത്രി ഡോ. ബിന്ദു നിർവ്വഹിക്കും.
NAAC A++ നേടിയ എംജി സർവ്വകലാശാലയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആദര സമർപ്പണവും മന്ത്രി നിർവ്വഹിക്കും. ചടങ്ങുകളിൽ തുറമുഖം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് പരിപാടികൾ.
ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് മഹാത്മാഗാന്ധി സർവ്വകലാശാലാ സ്‌റ്റേഡിയത്തിൽ 2.74 കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ ഫിഫ നിലവാരത്തിലുള്ള ഫ്ളഡ്‌ലിറ്റഡ് നാച്വറൽ ടർഫ് ഫുട്ബോൾ കോർട്ട് മന്ത്രി ഡോ. ബിന്ദു തുറന്നുകൊടുക്കും. പതിനൊന്നരമണിയ്ക്ക് സെന്റർ ഫോർ പ്രൊഫഷണൽ & അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ (സി-പാസ്) ഒരു കോടി രൂപ ചിലവഴിച്ച് പൂർത്തിയാക്കിയ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രം മന്ത്രി ബിന്ദു ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്‌സിൽ കെ.ആർ നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. വൈകീട്ട് മൂന്നരയ്ക്ക് നാട്ടകം ഗവ. കോളേജിൽ അഞ്ചു കോടി രൂപ ചിലവിട്ട് നിർമ്മിച്ച, നൂറ്റിഅമ്പതിലധികം പേർക്ക് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ള വനിതാ ഹോസ്‌റ്റൽ മന്ദിരം മന്ത്രി ഡോ. ബിന്ദു തുറന്നുകൊടുക്കും.
വിവിധ ചടങ്ങുകളിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചാണ്ടി ഉമ്മൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.