പാലാ: കേരളത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സ്ഥിതി ദയനീയമാണെന്നും ഹരിത കർമ്മ സേനാംഗങ്ങളുടെ ഉന്നമനം ലക്ഷൃമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കേരളാ വനിതാ കോൺഗ്രസ് (ബി) മുന്നിട്ടിറങ്ങുമെന്നും കേരളാ വനിതാ കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡണ്ട് മഞ്ജു റഹീം പറഞ്ഞു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളോടൊപ്പം പാലാ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു റഹീം.
ഹരിത കർമ്മ സേനാംഗങ്ങൾ ഇല്ലാത്ത കേരളത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കാനെ സാധ്യമല്ലെന്നിരിക്കെ കേരളത്തിൻ്റെ ശുചിത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാവുകയാണ്. എന്നാൽ ഇവരുടെ ശമ്പളവും മാറ്റാനുകൂല്യങ്ങളും മുടക്കം കൂടാതെ ലഭ്യമാക്കുവാൻ പലരും അറിഞ്ഞോ അറിയാതെയോ മറന്നു പോവുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കർമ്മ പഥത്തിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നവർക്ക് ചികിത്സ പോലും ലഭ്യമാവാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരളാ വനിതാ കോൺഗ്രസ് (ബി) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാൻ തീരുമാനിച്ചിരിക്കയാണെന്നും കേരളാ വനിതാ കോൺഗ്രസ് (ബി) നേതാക്കൾ പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന ചെയർമാൻ ഗണേഷ് കുമാറുമായി ഇക്കാര്യം ചർച്ച ചെയ്ത് അദ്ദേഹത്തെ കൊണ്ട് ഇക്കാര്യം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിപ്പിക്കാൻ ശ്രമിക്കുമെന്ന് കേരളാ വനിതാ കോൺസ് (ബി) നേതാക്കൾ പാലാ മീഡിയാ അക്കാഡമിയിലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.