കുമ്മണ്ണൂർ - കടപ്ലാമറ്റം റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ റോഡിലിറങ്ങി. വാമൂടിക്കെട്ടി ധർണ നടത്തി. മാറിയിടം പള്ളിത്താഴെ പ്രതിഷേധയോഗം ചേർന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്തുരുത്തി മണ്ഡലത്തിൽപെട്ട പ്രധാന ഗ്രാമീണ റോഡായ കുമ്മണ്ണൂർ - കടപ്ലാമറ്റം റോഡ് പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിൽ കിടക്കുകയാണ്.
ഈ റോഡ് കൂടാതെ സൂര്യപടി - പ്രാർത്ഥനാഭവൻ റോഡും, മാറിയിടം - NSS കരയോഗ റോഡും പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഞായറാഴ്ച രാവിലെ മാറിയിടത്തുവെച്ച് പൊതുജനങ്ങളുടെ സംയുക്തമായ പ്രതിഷേധം നടന്നത്.
സമീപ പ്രദേശങ്ങളിലെ റോഡുകൾ ഉന്നത നിലവാരത്തിൽ റി ടാറിംഗ് ചെയ്ത് നവീകരിച്ചിട്ട് കാലങ്ങളായെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യമായ റോഡുകൾ പോലും വർഷങ്ങളായി തകർന്ന് കിടക്കുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രദേശ വാസികൾ പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തുക അനുവദിച്ചിട്ടും രണ്ട് വർഷമായി ഈ റോഡിൽ ടാർ വീഴാത്തത് ജന പ്രതിനിധികളുടെയും മറ്റ് അധികൃതരുടെയും അനാസ്ഥയാണെന്നാണ് ആക്ഷേപം. യോഗത്തിന് സജി കുഴിവേലിൽ, അലക്സ് പടിക്കമ്യാലിൽ, സി. കെ ഉണ്ണികൃഷ്ണൻ, റെജി കൊച്ചറക്കൽ, പീറ്റർ ജെഫറി പടിക്കമ്യാലിൽ എന്നിവർ നേതൃത്വം നൽകി.