കുറുമണ്ണ് സെന്റ് ജോൺസ് ഹൈ സ്കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്തുവന്നിരുന്ന പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് നടന്നു. കടനാട് കൃഷി ഭവനിലെ കൃഷി ഓഫീസർ മഞ്ജു ദേവി സ്കൂളിൽ എത്തി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
പാവയ്ക്ക, മുളക്, വെണ്ട, വെള്ളരി, വഴുതന, തക്കാളി തുടങ്ങിയ വിളകളാണ് ഇന്ന് പ്രധാനമായും ശേഖരിച്ചത്. തുടർന്നു നടന്ന സമ്മേളനത്തിൽ കാർഷിക മേഖലയുടെ ആവശ്യകതയെക്കുറിച്ചും കൃഷിയുടെ അനന്തമായ സാധ്യതകളെക്കുറിച്ചും കുട്ടികളോട് കൃഷി ഓഫീസർ വിശദീകരിച്ചു. കൃഷി വകുപ്പിന് കീഴിലുള്ള പോഷക സമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി പോഷക സമൃദ്ധമായ ആഹാരരീതികളെക്കുറിച്ചും കുട്ടികളിൽ ഉണ്ടാകുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഇത്തരം ജൈവ പച്ചക്കറികൾക്കുള്ള പ്രാധാന്യത്തെ ക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.
സ്കൂളിലെ കാർഷിക ക്ലബ് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന അധ്യാപകരായ ബിനു ഏബ്രഹാം, ജിനി ജോർജ് എന്നിവരാണ് കുട്ടികളോട് ഒപ്പം ചേർന്ന് കൃഷിയ്ക്കും വിളവെടുപ്പിനും നേതൃത്വം നൽകിയത്. PTA അംഗമായ സജോമോൻ കൃഷികാര്യങ്ങൾക്ക് മികച്ച സഹായം നല്കി.
സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ.എം നന്ദിയും പറഞ്ഞു. വിളവെടുത്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്നും അധികമായി വരുന്ന പച്ചക്കറികൾ വിപണിയിൽ എത്തിയ്ക്കുകയും അതിലൂടെ കിട്ടുന്ന വരുമാനം സ്കൂളിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്നും സ്കൂൾ അധികൃതർ പറഞ്ഞു.