ഭരണങ്ങാനം: വിളക്കുമാടം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ സ്കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണനിലവാര പരിശോധന ലാബിന് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ കോട്ടയം ജില്ലയിൽതെരഞ്ഞെടുക്കപ്പെട്ട മുപ്പത് സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കെമിസ്ട്രി ലാബുകൾ ഉള്ള ഹയർസെക്കൻഡറി സ്കൂളിലാണ് ലാബ് സ്ഥാപിക്കുന്നത്. മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാട സെൻറ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലും, ഭരണങ്ങാനം പഞ്ചായത്തിലെ സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലും, കരൂർ പഞ്ചായത്തിലെ സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലും ആണ് ലാബ് സ്ഥാപിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കുട്ടികൾക്കും പൊതുജനങ്ങൾക്കും വെള്ളത്തിൻറെ സാമ്പിൾ നൽകി ജലം പരിശോധിക്കുവാൻ കഴിയും. ഓരോ സ്കൂളിലെയും കെമിസ്ട്രി വിഭാഗം അധ്യാപകർക്ക് പരിശോധനയ്ക്ക് വേണ്ട പരിശീലനം നൽകിയിട്ടുണ്ട്. വിളക്കുമാടം സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് മണ്ണൂ കുശുമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.