കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിൽ നവംബർ 24ന് ശുചീകരണ പ്രവർത്തനം നടക്കും.
കോട്ടയം, ചങ്ങനാശേരി, പൊൻകുന്നം, എരുമേലി, ഈരാറ്റുപേട്ട, പാലാ, വൈക്കം കെ.എസ്.ആർ.ടി.സി സ്റ്റേഷനുകളിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തുക.
സംസ്ഥാനതലത്തിൽ ഹരിതകേരളം മിഷനും കെ.എസ്.ആർ.ടി.സി.യുമായി നടത്തിയ ചർച്ചയിലാണ് ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 75 ഡിപ്പോകളിൽ മെഗാ ശുചീകരണയജ്ഞം നടത്താൻ തീരുമാനിച്ചത്.
ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണ യജ്ഞം.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 18 സ്റ്റേഷനുകളിൽ ഖര-ദ്രവ മാലിന്യസംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഹരിത കെ.എസ്.ആർ.ടി.സി. സ്റ്റേഷനുകളായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ കോട്ടയം ബസ് സ്റ്റേഷനാണ് ഹരിത സ്റ്റേഷനായി മാറുക.