മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം നാല് മണിയോടെ നട തുറക്കും. പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും.
ഇന്ന് മുപ്പതിനായിരം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണമായും നിറഞ്ഞു.
ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കാൻ നേരത്തെ തീരുമാനിച്ചത്. എന്നാൽ തിരക്ക് പ്രമാണിച്ച് ഒരു മണിക്കൂർ നേരത്തെ നട തുറക്കാൻ പിന്നീട് തീരുമാനമായി.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍ കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.
ഇക്കുറി പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ് ദര്‍ശന സമയം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തിവിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇത്തവണ 18 മണിക്കൂർ ദർശന സൗകര്യമുണ്ടാകും.