കോട്ടയം: കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭയിലെ നന്ദന സുരേഷിനെ കലാതിലകമായും സായിനാഥ് സജീവിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു. കായിക മത്സരങ്ങളിൽ സീനിയർ ബോയ്‌സിൽ ജിത്തു ഗണേഷ് (ചങ്ങനാശേരി നഗരസഭ), പുരുഷന്മാരിൽ പ്രി തിൻ മുരളി(ചങ്ങനാശേരി നഗരസഭ), സീനിയർ ഗേൾസിൽ ആമിന ഫർഹാന (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), സ്്രതീകളുടെ വിഭാഗത്തിൽ ദിവ്യ റോയി (ളാലം ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ കായികപ്രതിഭകളായി.
മൂന്നുദിവസമായി കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, ഹേമലത പ്രേംസാഗർ, പി.കെ. വൈശാഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ റ്റി.എസ്. ലൈജു, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി നഗരസഭ ഓവറോൾ ചാമ്പ്യൻസ് ട്രോഫി നേടി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡുമാണ് നൽകിയത്.
ചങ്ങനാശേരി പെരുന്ന പണിക്കൻപറമ്പിൽ സുരേഷ് കുമാറിന്റെയും രജനി സുരേഷിന്റെയും മകളാണ് കലാതിലകമായ നന്ദന സുരേഷ്. ചങ്ങനാശേരി എസ്.ബി. കോളജിൽ ഇക്കണോമിക്‌സ് ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്. ചങ്ങനാശേരി ഗുരുകൃപയിൽ സജീവ് കുമാറിന്റെയും സ്വപ്‌ന സജീവിന്റെയും മകനാണ് സായിനാഥ് സജീവ്. ചങ്ങനാശേരി എസ്.ബി. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.