Hot Posts

6/recent/ticker-posts

ഇ- നാട് യുവജന സഹകരണ സംഘം ഭക്ഷ്യോൽപ്പന്ന നിർമാണ രംഗത്തേക്കും

കോട്ടയം: യുവതലമുറയിൽ സംരംഭക സംസ്‌കാരം പരിപോഷിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും പ്രവർത്തനങ്ങളുടെ വിജയമാണ് ഇ-നാട് യുവജന സഹകരണ സംഘത്തിന്റെ വളർച്ചയിലൂടെ പ്രകടമാകുന്നതെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇ-നാട് യുവജന സഹകരണ സംഘം പുറത്തിറക്കുന്ന 'സാറ്റിസ് ബൈറ്റ്' ഭക്ഷ്യോൽപ്പന്നങ്ങളുടെ വിപണി പ്രവേശന ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രിയിൽ നിന്ന് പഴയിടം മോഹനൻ നമ്പൂതിരി ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. വ്യാപാര ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ.എസ്. ബിജു ആദ്യവിൽപ്പന നിർവഹിച്ചു. ഇ- നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷനായി.


ദോശമാവ്, പുളിയിഞ്ചി, വിവിധയിനം അച്ചാറുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിൽ എത്തിക്കുക. ഇ-നാട് ഭക്ഷ്യോൽപ്പന്ന നിർമാണമേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാറ്റിസ് ബൈറ്റ് എന്ന ബ്രാൻഡിൽ ദോശമാവ്, അച്ചാറുകൾ, പുളിയിഞ്ചി എന്നിവ വിപണിയിൽ എത്തിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് സാറ്റിസ് ബൈറ്റ് ഉൽപന്നങ്ങൾ ആധുനിക സാങ്കേതികവിദ്യയിൽ ഒരുക്കിയ വെളിയന്നൂരിലെ ഇ-നാട് കാമ്പസിലെ നിർമാണയൂണിറ്റിൽ തയാറാക്കുന്നത്.
യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി കോട്ടയം വെളിയന്നൂർ ആസ്ഥാനമായി മാലിന്യ സംസ്‌കരണരംഗത്ത് പുതുമാതൃക അവതരിപ്പിച്ചാണ് ഇ-നാട് യുവജന സഹകരണസംഘം പ്രവർത്തനം ആരംഭിച്ചത്. സർക്കാരിന്റെ ശുചിത്വ കേരളം പദ്ധതിക്ക് കരുത്തേകി, മാലിന്യസംസ്‌ക്കരണ മേഖലയിൽ ചെറുപ്പക്കാർക്ക് തൊഴിലവസരം നൽകാനായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ സ്റ്റാർട്ടപ്പായ ഫോബ് സൊല്യൂഷൻസുമായി ചേർന്ന് ഉറവിടമാലിന്യ സംസ്‌ക്കരണ ഉപാധിയായ ജി ബിൻ സംസ്ഥാനത്തിന് പരിചയപ്പെടുത്തി. 
ശുചിത്വമിഷൻ സേവനദാദാവായി അംഗീകരിച്ച ഇ-നാട് മാലിന്യനിർമാർജ്ജന മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. കാർഷിക മേഖലയിൽ ഇ-നാട് സൈലം ജൈവവളങ്ങൾ എന്ന ബ്രാൻഡിൽ 14 ഇനം ജൈവവളങ്ങൾ നിർമിച്ച് വിപണിയിൽ എത്തിച്ചു.
മാലിന്യ നിർമാർജ്ജന മേഖലയിൽ നടത്തുന്ന ഇടപെടൽ ശക്തമാക്കാനായി മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമാണത്തിലേക്ക് ഇ-നാട് കടക്കുകയാണെന്ന് ഇ-നാട് യുവജന സഹകരണ സംഘം സജേഷ് ശശി പറഞ്ഞു. സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടിയുമായി സംഘം കരാറിൽ ഒപ്പുവച്ചു. സി.എസ്.ഐ.ആർ.-എൻ.ഐ.ഐ.എസ്.ടി.  വികസിപ്പിച്ചെടുത്ത മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ ശാസ്ത്ര സാങ്കേതികവിദ്യ ഇ-നാട് യുവജന സഹകരണസംഘത്തിന് കൈമാറി. മലിനജല ശുദ്ധീകരണ പദ്ധതികളും ഇ-നാട് ഏറ്റെടുത്തു തുടങ്ങി. ഉറവിടമാലിന്യ സംസ്‌കരണരംഗത്ത് ഇ വൈ സി ബയോ കംപോസ്റ്റർ, ജി കമ്മ്യൂണിറ്റി തുടങ്ങിയ ഉപാധികളും ഇ വൈ സി ബയോ ടാൽക് എന്ന പേരിൽ ഇനോക്കുലവും സംഘം ശുചിത്വമിഷൻ അംഗീകാരം വാങ്ങി പുറത്തിറക്കിയിരുന്നു.
യുവതലമുറയിൽ സംരംഭക സംസ്‌ക്കാരം പരിപോഷിപ്പിക്കാനുള്ള ലക്ഷ്യം മുൻ നിർത്തിയാണ് സഹകരണവകുപ്പ് യുവാക്കൾക്കു മാത്രമായുള്ള സഹകരണസംഘമായി 2021 സെപ്റ്റംബർ ആറിന് ഇ-നാട് യുവജന സഹകരണ സംഘം സ്ഥാപിച്ചത്. 2022- 2023 സാമ്പത്തിക വർഷം 1.60 കോടി രൂപയുടെ ബിസിനസും 2023-2024 സാമ്പത്തിക വർഷം 1.75 കോടി രൂപയുടെ ബിസിനസും നേടി മൂന്നു വർഷവമായി ലാഭത്തിൽ പ്രവർത്തിക്കുകയാണ്. 252 യുവജനങ്ങൾക്ക് സംഘം നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നു.


Reactions

MORE STORIES

കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
നവീകരിച്ച പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
"നാളെ വാ മറ്റന്നാൾ വാ എന്ന മറുപടി കേട്ട് മടുത്തു"; പാലാ കിഴതടിയൂർ ബാങ്കിന് മുമ്പിൽ ധർണ്ണ സമരവുമായി നിക്ഷേപകർ
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം