കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ 4 വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ഉത്തരവ്.
കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. തിങ്കളാഴ്ച (ഡിസംബർ 2) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ടാണ്.
ഡിസംബർ 3ന് 8 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടായിരിക്കും. 4ന് കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടാണ്. വരുന്ന 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം.