വൈക്കം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് റോളർ സ്പോർട്ട്സിൽ സൗജന്യമായി വിദഗ്ധ പരിശീലനം നൽകാൻ വൈക്കം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല പരിശീലന ക്യാമ്പ് തുടങ്ങി. വൈക്കം ഗേൾസിനു പുറമേ തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി എച്ച് എസ് എസിലും നാമക്കുഴിയിലും ഇലഞ്ഞി വൈഎംസി യിലും നടന്നു വരുന്നുണ്ട്.
റോളർ സ്കേറ്റിംഗ്, റോളർ ഫുട്ബോൾ, റോളർ ബാസ്ക്കറ്റ്ബോൾ എന്നിവയിലാണ് പരിശീലനം നൽകുന്നത്.നാലു മുതൽ 12-ാം ക്ലാസു വരെയുള്ള പെൺകുട്ടികൾക്കും നാലു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം.
ചങ്ങനാശേരിയിൽ നടന്ന കോട്ടയം റവന്യു ജില്ല സ്കൂൾ സീനിയർ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗേൾസിലെ നിയാബിജു, ആദ്യ ബിനേഷ്, അഫീഫ റഹ്മാൻ എന്നിവർ ചേർന്ന് ഒരു സ്വർണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം എന്നിവ നേടിയിരുന്നു. പാലക്കാട് നടന്ന സീനിയർ ഗേൾസ്കേരള സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി ഈ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
അമേരിക്കയിലും യൂറോപ്പിലും ഏറെ ജനപ്രിയമായ റോളർ സ്പോർട്ട്സ് ഇന്ത്യയിലും കായിക ഇനമായി അംഗീകരിച്ചതോടെ കൂടുതൽ കുട്ടികൾ റോളർ സ്പോർട്ട്സിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കായികപരിശീലകൻ ജോമോൻജേക്കബിൻ്റെ നേതൃത്വത്തിലാണ് റോളർ സ്പോർട്ട്സിൽ പരിശീലനം നൽകുന്നത്. കെ എസ് ഇ ബി വെറ്ററൻ വോളിബോൾ താരം ബാലകൃഷ്ണൻ ബാലശേരിയും പരിശീലന പരിപാടിക്ക് പിൻബലമായി ഒപ്പമുണ്ട്.