ശബരിമല മണ്ഡലകാലം അവസാനിച്ചപ്പോള്‍ ആകെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്. മകരവിളക്ക് ഉത്സവത്തിന് എത്ര തിരക്കുണ്ടായാലും നേരിടാന്‍ സജ്ജമാണ് ദേവസ്വം ബോര്‍ഡും പോലീസും അറിയിച്ചു.
കൃത്യമായി പറഞ്ഞാല്‍ 32,79,761 തീര്‍ത്ഥാടകരാണ് ഈ മണ്ഡലകാലത്ത് മല ചവിട്ടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ലക്ഷത്തിലധികം വര്‍ദ്ധനവ്.
വരുമാനത്തിലും കോടികളുടെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. അഭൂതപൂര്‍വമായ തിരക്കിനിടയിലും മണ്ഡലകാലം വലിയ പരാതികള്‍ ഇല്ലാതെ മുന്നോട്ടു പോയി.
2400ലധികം പോലീസുകാരാണ് ഒരു ടേണില്‍ വിവിധ ഇടങ്ങളിലായി സേവനമനുഷ്ഠിച്ചത്. നട അടച്ചു കിടക്കുന്ന മൂന്നുദിവസം 80 പേരടങ്ങുന്ന പോലീസ് സംഘം സന്നിധാനത്ത് ഉണ്ട്.
ഇത്തവണത്തേത് പരാതികളില്ലാത്ത മണ്ഡലകാലമെന്ന് മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 41 ദിവസം പൂര്‍ത്തിയാകുമ്പോള്‍ വന്ന എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനം ഉറപ്പാക്കി. ശബരിമല സന്നിധാനത്തു സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.