വൈക്കം: വൈക്കം വലിയകവലയിലെ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയോര്‍ ഇ.വി.രാമസ്വാമി നായ്ക്കര്‍ സ്മാരകത്തിൻ്റെ ഉദ്ഘാടനം 12ന് നടക്കും. ഉദ്ഘാടന സമ്മേളനത്തിനായുള്ള വേദിയൊരുക്കുന്ന വൈക്കം കായലോര ബീച്ചിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലുവിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

കായലോര ബീച്ചിൽ അഷ്മിഉത്സവത്തിൻ്റെ ഭാഗമായി നിർമ്മിച്ച പന്തലുകളും മറ്റും കരാറുകാരൻ രണ്ടു ദിവസത്തിനകം പൊളിച്ചു നീക്കും. തുടർന്ന് 5000ത്തോളം പേർക്കിരിക്കാവുന്ന പന്തലിൻ്റെ നിർമ്മാണം ആരംഭിക്കും. തമിഴ്നാട് മന്ത്രിക്കൊപ്പം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ ബിന്ദുഷാജി, പി.ഡി.ബിജിമോൾ തുടങ്ങിയവരുമുണ്ടായിരുന്നു. ഒൻപതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വീണ്ടും വൈക്കം സന്ദർശിക്കും.
നഗരസഭ അധികൃതർ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യോഗം ചേരും. കായലോര ബീച്ചിലെ സ്ഥല പരിശോധനയ്ക്ക് ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ. വി. വേലും ഉദ്യോഗസ്ഥസംഘവും മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരെയും സന്ദർശിച്ച് പരിപാടിയുടെ വിശദാംശങ്ങൾ അറിയിക്കാനായി തിരുവനന്തപുരത്തേക്ക് തിരിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നവീകരിച്ച പെരിയോർ സ്മാരക മന്ദിരം 12ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. നിര്‍മാണ പുരോഗതി വിലയിരുത്താൻ ഇതിനകം തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി.വേലു, വിനോദ സഞ്ചാര, ഐ ടി വകുപ്പുമന്ത്രിമാർ നിരവധി തവണ വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിക്കുന്നത്.
പെരിയോറുടെ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. താഴത്തെ നിലയില്‍ മ്യൂസിയവും മുകളിലത്തെ നിലയില്‍ ഇനി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവര്‍ത്തിക്കുക. രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്കു മുന്നിലായി വലിയ കവാടവും നിര്‍മിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്റ്റേജിന് മുകളില്‍ റൂഫ് ചെയ്തു. ഇതിനു സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക.
കുട്ടികള്‍ക്കായി പാര്‍ക്കും അതോടൊപ്പം ഉദ്യാനവും ഒരുക്കി. പെരിയോറുടെ ജീവചരിത്രം, സമര ചരിത്രം, പ്രധാന നേതാക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, പെരിയാറുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും നവീകരിക്കുന്ന സ്മാരകത്തില്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്.