പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള മില്യനയർ ഫാർമർ ഓഫ് ഇൻഡ്യ ദേശീയപുരസ്‌കാരത്തിന് വി ജെ ബേബി വെള്ളിയേപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്‌ഗരിയിൽ നിന്നും വി ജെ ബേബി പുരസ്കാരം ഏറ്റുവാങ്ങി.

ന്യൂഡൽഹിയിലെ ഐ എ ആർ ഐ മേളാ ഗ്രൗണ്ടിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ രാജ്യത്തെ നൂതനസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മികച്ച കർഷകരുടെ വിജയഗാഥകൾ അവതരിപ്പിക്കപ്പെട്ടു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് കൃഷി ജാഗരങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പുരോഗമന കർഷകരെയും കാർഷിക നവീക രണങ്ങളെയും ആദരിക്കുകയും കൃഷിയുടെ ഭാവി രൂപപ്പെടുത്തുന്നതിന് ആഗോള നേതാക്കളെയും ദർശനക്കാരെയും ഒരുമിച്ച് അണി നിരത്തുകയും ചെയ്തു വരുന്നു.

പുരോഗമന കർഷകരുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഈ നാഴികക്കല്ല് കാർഷിക മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കു ന്നു. കാർഷിക ഭൂപ്രകൃതിയെ പ്രചോദിപ്പിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനുമായി ആഗോള കാർഷിക നേതാക്കളും പ്രഭാഷകരും ഒത്തുകൂടി.
അവാർഡ് ജേതാവായ വി ജെ ബേബി പ്രമുഖ പ്ലാൻ്റർ ആയിരുന്ന പാലാ വെള്ളിയേപ്പള്ളിൽ പരേതനായ വി എം ജോസഫ് (കൊച്ചേട്ടൻ) ൻ്റെ പുത്രനാണ്. ഡിഗ്രി പഠനത്തിനു ശേഷം പിതാവിനൊപ്പം കാർഷിക മേഖലയിലേയ്ക്ക് പ്രവേശിച്ച ഇദ്ദേഹം കഴിഞ്ഞ 45 വർഷമായി കാർഷിക വ്യാവസായിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. ഈ പുരസ്‌കാരം നേടിയെടുത്തത് ഇടുക്കിയിലുള്ള രാജാക്കാട്-പാലാ എസ്റ്റേറ്റിലെ നവീനമായ ഏലക്കൃഷിയ്ക്കാണ്. കൃഷിയിൽ നിന്നും പുതിയ തലമുറ അകലുമ്പോൾ അദ്ദേഹത്തോടൊപ്പം പുത്രൻ ജോയൽ മൈക്കിളും സജീവമായി കാർഷിക രംഗത്തുണ്ട്. ഏലം കൃഷിയിൽ പുതു വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയയിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്സ് നേടിയിട്ടുള്ള ജോയൽ.
പാലാ മീഡിയാ അക്കാദമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ തൻ്റെ കൃഷിരീതികളെക്കുറിച്ച് വി ജെ ബേബി വിശദീകരിച്ചു. ജോസുകുട്ടി പൂവേലിയും ഒപ്പമുണ്ടായിരുന്നു.