ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യുമോ വൈറസ്) ഇന്ത്യയിൽ സ്‌ഥിരീകരിച്ചു. ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ബെംഗളൂരുവിലാണ് സ്‌ഥിരീകരിച്ചത്. എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ.
കുട്ടിക്കു വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണ് വിവരം. പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്‌ഥിരീകരിച്ചു.
വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എച്ച്എംപിവി സ്‌ഥിരീകരിക്കുന്നത്.
ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല.
എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല, തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണയാണെന്നും ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം, ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം എന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.