കോട്ടയം: കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്കർത്താവ് ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 148മത് ജയന്തി ആഘോഷങ്ങൾ നടന്നു.
കോട്ടയം കെ എം മാണി ഭവനിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങുകളിൽ കേരള കോൺഗ്രസ് എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചെയർമാനുമായ അഡ്വ. സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ പരുപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവ് ആയ മന്നത്ത് പത്മനാഭനെ ഇന്ന് കേവലം ഒരു സമുദായത്തിന്റെ മാത്രം ആചാര്യനായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണെന്നും സ്വസമുദായത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ചതിനൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കരുതലും നേതൃത്വവും നല്കിയ മന്നത്ത് പത്മനാഭന്റെ പ്രവർത്തനശൈലി എക്കാലത്തെയും സാമൂഹ്യ പ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും അഡ്വ. സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ പറഞ്ഞു. കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് നാമകരണം ചെയ്ത മന്നത്ത് പത്മനാഭന്റെ ജയന്തിയോടുനുബന്ധിച്ച്എല്ലാ വർഷവും അദ്ദേഹത്തെ സമുചിതമായി ആദരിക്കുന്നതിന് സംസ്കാരവേദി ചെയ്യുന്ന പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി" മന്നത്ത് പത്മനാഭന്റെ നവോത്ഥാന ആശയങ്ങളുടെ കാലികപ്രസക്തി"എന്ന വിഷയം ആസ്പദമാക്കിയുള്ള പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാന ദാനം മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദ് കുമാർ നിർവഹിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് ഡോ എ കെ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.സംസ്കാരവേദി അംഗങ്ങളായ ചലച്ചിത്ര പ്രതിഭകളെ പ്രശസ്ത സീരിയൽ താരം റിയ മറിയം തോമസിന്റെ നേതൃത്വത്തിൽ ആദരിച്ചു.
സംസ്കാര വേദി സംസ്ഥാന സെക്രട്ടറി സുനിൽ കുന്നപ്പള്ളി, മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ ബാബു മൈക്കിൾ, സംസ്കാരവേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ,രാജു കുന്നിക്കാട്, ഡോ:മിലിന്ദ് തോമസ് തേമാനിൽ,ജോസഫ് കെ നെല്ലുവേലി,ഡോ:സുമ സിറിയക്, പ്രൊഫ: കെ എസ് ഇന്ദു, ജിൻസ് പള്ളിപ്പറന്ബിൽ, ഡോ:മധുസൂദനൻ,ജോൺസൺ കണ്ണൂർ, അഡ്വ വി ജി സുരേഷ് ബാബു, എലിക്കുളം ജയകുമാർ,ഡോ ഫിലിപ്പോസ് തത്തംപള്ളി,പി ടി ജേക്കബ് എന്നിവർ പ്രസംഗിച്ചു.