പത്തനംതിട്ട: കാൻസർ രോഗബാധിതരുടെ ക്ഷേമത്തിനും കാൻസർ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ ഒൻപത് വർഷമായി ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ജീവനം കാൻസർ സൊസൈറ്റി അന്താരാഷ്ട്ര കാൻസർ ദിനമായ ഫെബ്രുവരി 4 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആരോഗ്യ ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.
ആരോഗ്യ മേഖലയിൽ വിശേഷാൽ കാൻസർ പ്രതിരോധവുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപ്പാക്കേണ്ട വിവിധ ആവശ്യങ്ങളെപ്പറ്റി സംസ്ഥാന സർക്കാറിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് കൊല്ലം ജില്ലയിലെ പുന്നല ആസ്ഥാനമായി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ജീവനം കാൻസർ സൊസൈറ്റി ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നത്.
കാൻസർ ചികിത്സാ പൂർണ്ണമായും സൗജന്യമാക്കുക, കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, കാൻസർ പ്രതിരോധം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഭക്ഷ്യപാനീയങ്ങളിൽ മായം ചേർക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുക, വ്യാജ കാൻസർ ചികിത്സകർക്കെതിരേ നടപടികൾ സ്വീകരിക്കുക മുതലായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ആരോഗ്യ ജാഗ്രത സദസ്സ് 2025 ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് മുൻമന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.