കാഞ്ഞിരമറ്റം: മാർസ്ലീവാ പള്ളിയിലെ ഉണ്ണിമിശിഹായുടെ ദർശന തിരുനാളിന് കൊടിയേറി. ഇന്നലെ വൈകിട്ട് നാലിന് വികാരി ഫാ. ജോസഫ് മണ്ണനാൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മരിച്ചവരുടെ ഓർമ്മ ദിനാചരണത്തിൻ്റെ ഭാഗമായി സിമിത്തേരി സന്ദർശനവും അനുസ്മരണ പ്രാർത്ഥനകളും നടന്നു.
ഇന്ന് ശനിയാഴ്ച ഇടവക ദിനമായിട്ട് ആചരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും. അഞ്ചരയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ്മ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിക്കും.
വികാരി. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കും. സമ്മേളനാന്തരം സ്നേഹ വിരുന്ന് നടക്കും. പ്രധാന തിരുനാൾ ദിനമായ നാളെ ഞായറാഴ്ച രാവിലെ അഞ്ചരയ്ക്ക് വിശുദ്ധ കുർബാനയുണ്ട്. ഇടവകയിലെ എഴുപത്തഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന ഏഴിന് ആരംഭിക്കും.
രണ്ടരയ്ക്ക് ചെണ്ടമേളവും മൂന്നിന് ബാൻ്റു മേളവും നടക്കും. മൂന്നേ കാലിന് ഉണ്ണീശോയുടെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നതും നേർച്ച കാഴ്ചകൾക്ക് അവസരം ഉണ്ടായിരിക്കുന്നതുമാണ്. മൂന്നരയ്ക്ക് ആരംഭിക്കുന്ന ആഘോഷമായതിരുനാൾ പാട്ടുകുർബാനയ്ക്ക് ഇവാഞ്ചലൈസേഷൻ്റെയും കുടുംബകൂട്ടായ്മയുടയും രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ള മരുതുങ്കൽ മുഖ്യകാർമ്മികനാകും. അഞ്ചരയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും.
ടൗൺ കുരിശു പള്ളി ചുറ്റി സ്വർഗ്ഗാരോഹണചാപ്പലിലെത്തിച്ചേരുമ്പോൾ ലദീഞ്ഞിനു ശേഷം പൊൻകുന്നംപള്ളി സഹ വികാരി ഫാ. തോമസ് ചേനപ്പുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. ഏഴേ മുക്കാലിന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി സമാപന ആശീർവ്വാദത്തിനു ശേഷം എറണാകുളം ഫ്രണ്ട്സ് ക്ലബ്ബ് ഒരുക്കുന്ന മെഗാ മാജിക് ഷോയും നൃത്ത സംഗീത നിശയും നടക്കും.
വികാരി. ഫാ. ജോസഫ് മണ്ണനാൽ, സഹ വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരൻമാരായ സണ്ണി കളരിക്കൽ, ബെന്നി വേങ്ങത്താനം, ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജെയിംസ് കുട്ടി ജോസ് ഉതിരക്കുളം, ജനറൽ കൺവീനർ സജിമോൻ, ജോസഫ് നാഗമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.