ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി.
2025 ജനുവരി 29 ന് രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു.
ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്).
2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. രാജ്യവും അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും. എൻവിഎസ് – 01 കഴിഞ്ഞ വർഷം മേയിൽ വിക്ഷേപിച്ചിരുന്നു.