പൂഞ്ഞാർ: പെരിങ്ങളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 16 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
ഉദ്ഘാടന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ്, പൊതുപ്രവർത്തകരായ ദേവസ്യാച്ചൻ വാണിയപ്പുര, ജോസ് കോലോത്ത് , ബെന്നി കുളത്തിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ഒഴുകുന്ന മീനച്ചിലാറിന് സംരക്ഷണഭിത്തി ഇല്ലാതിരുന്നത് മൂലം സ്കൂൾ ഗ്രൗണ്ട് ഇടിഞ്ഞു പോകുന്ന സാഹചര്യവും, ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ അപകടമുണ്ടാകുന്ന സാഹചര്യവും മറ്റും ഉണ്ടായിരുന്നു. ഇത് സ്കൂൾ കുട്ടികളുടെ സുഗമമായ കായിക വിനോദത്തിന് തടസ്സം നേരിട്ടിരുന്നു.
ഇവകൂടി കണക്കിലെടുത്താണ് സ്കൂൾ അധികൃതർ എംഎൽഎയ്ക്ക് നൽകിയ നിവേദനം എംഎൽഎ അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുകയും, തുടർന്ന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് 16 ലക്ഷം രൂപ മന്ത്രി അനുവദിക്കുകയും ചെയ്തത്. സംരക്ഷണഭിത്തി നിർമ്മിച്ചതോടെ സ്കൂൾ ഗ്രൗണ്ടിന്റെ കെട്ടുറപ്പ് കൂടുതൽ ബലപ്പെടുകയും, കുട്ടികൾക്ക് സുഗമമായി കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തു.