പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡിൻറെ ഉദ്ഘാടനം ഇന്ന് (വെള്ളി) നടക്കും. പതിനെട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നീലൂർ മലങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ റോഡ് നിർമ്മാണത്തിന് കാലതാമസം നേരിട്ടു. പ്രവിത്താനം പള്ളിയിലേക്കും മൂന്നു സ്കൂളുകളിലേക്കും എത്തുന്ന വാഹനങ്ങൾക്ക് റോഡ് മുഴുവൻ വീതിയിലും ടാർ ചെയ്തിരിക്കുന്നതിനാൽ വാഹന പാർക്കിങ്ങിനായി ഉപയോഗിക്കാൻ കഴിയും.
ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് പ്രവിത്താനംപള്ളി ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ ജോസ് കെ മാണി എം.പി നവീകരിച്ച റോഡിൻറെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി മുഖ്യ പ്രഭാഷണം നടത്തും.