വൈക്കം: വയോജനങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനും റെയിൽവേ ടിക്കറ്റ് നിരക്കിൽ നേരത്തെ ലഭിച്ചിരുന്ന ഇളവുകൾ പുനസ്ഥാപിക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി.
വൈക്കത്ത് നടന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം 28-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് പ്രഫ.എൻ. ഗോപിനാഥൻപിള്ള അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്ന അഡ്വ.എം.സി.വി. ഭട്ടതിരിപ്പാടിന്റെ പേരിൽ ഫോറം ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറക്കലിന് എംപി സമ്മാനിച്ചു. സമ്മേളനത്തിൽ സാഹിത്യ മത്സര വിജയികൾക്കുള്ള ഉപഹാരം മാധ്യമപ്രവർത്തകൻ പ്രഫ.മാടവന ബാലകൃഷ്ണപിള്ള വിതരണം ചെയ്തു.
സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ ജനറൽ ടി. പത്മിനി,കോട്ടയം ജില്ലാ പ്രസിഡന്റ് വെച്ചൂർ രമണൻ, എസ്. അരവിന്ദാക്ഷൻ, ജോർജ് വർഗീസ്, കെ.വി.ബാലൻകുറുപ്പ്, പ്രഫ.വി.എ.വർഗീസ്, എം.ശ്രീകുമാരൻതമ്പി, കെ.എൻ.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു.