വൈക്കം: പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. പള്ളിപ്രത്തുശേരി സെൻ്റ് ലൂയിസ് യു പി സ്കൂൾ ഹാളിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജോർജ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന ശതാബ്ദി ആഘോഷ സമ്മേളനം അഡ്വ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു.
വൈക്കം നഗരസഭ, ടിവിപുരം പഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും അഡ്വ.ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. ബാങ്കിലെ മുൻ പ്രസിഡൻ്റുമാർ, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ സി.കെ.ആശ എം എൽ എ ആദരിച്ചു.
വൈക്കം സെൻ്റ് ജോസഫ് ഫൊറോന സഹ വികാരി ഫാ. ജിഫിൻമാവേലി ശതാബ്ദി സന്ദേശം നൽകി. ശതാബ്ദി ലോഗോ ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജുമുതിർന്ന സഹകാരികളെ ആദരിച്ചു.
നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി, ബാങ്ക് മുൻപ്രസിഡൻ്റും പഞ്ചായത്ത് അംഗവും ആഘോഷ കമ്മറ്റി ജനറൽ കൺവീനറുമായ സെബാസ്റ്റ്യൻ ആൻ്റണി, ബാങ്ക് സെക്രട്ടറി ജൂബിൾ പോൾ തുടങ്ങിയവർ സംബന്ധിച്ചു.
1925ൽ വൈക്കം ഫൊറോന പള്ളി വികാരിയായിരുന്നആലുങ്കര കുരുവിളയച്ചൻ തുടക്കം കുറിച്ച കാത്തലിക് യുവജന പരസ്‌പര സഹായ സംഘമാണ് പിന്നീട് വൈക്കംപള്ളി പ്രത്തുശേരി സർവീസ് സഹകരണ ബാങ്കായി മാറിയത്. വൈക്കം, നടുവിലെ, ടി വിപുരം വില്ലേജുകളിലെ ഏതാനും വാർഡുകൾ മാത്രം പ്രവർത്തന പരിധിയായിട്ടുള്ള ബാങ്ക് ഇന്ന് ക്ലാസ് വൺ സൂപ്പർ ഗ്രേഡിലേക്ക് ഉയർന്നു. സംസ്ഥാനത്തെ മുൻനിര ബാങ്കുകളിലേക്ക് ഉയർന്നത് കാലകാലങ്ങളിൽ വന്ന ഭരണസമിതിയും ജീവനക്കാരും നടത്തിയ കൂട്ടായപ്രവർത്തനത്താലാണെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫ് പറഞ്ഞു.