വൈക്കം: വെച്ചൂർമറ്റം കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിനാണ് തണ്ണിമത്തൻ കൃഷിയിൽ മികച്ച വിജയം നേടിയത്. വെച്ചൂർ മറ്റത്തിൽ രണ്ടര ഏക്കർ പുരയിടത്തിലാണ് മാർട്ടിൻ ജൈവകൃഷി രീതിയിൽ ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തണ്ണിമത്തൻ കൃഷി നടത്തിയത്.
രണ്ടു മാസം മുമ്പ് ആരംഭിച്ച തണ്ണിമത്തൻ കൃഷി പൂർണമായും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് ചെയ്യുന്നത്. പശു, ആട് പന്നി, പച്ചക്കറി, വാഴ, വിവിധ ഇനം പഴങ്ങൾ, മത്സ്യകൃഷി തുടങ്ങിയ കൃഷികളിൽ വ്യാപൃതനായ മാർട്ടിൻ്റെ പശു, കോഴി ഫാമുകളിലെ ചാണകവും കോഴി കാഷ്ടവുമാണ് തണ്ണിമത്തനടക്കമുള്ളകൃഷികൾക്ക് വളമായി ഉപയോഗിക്കുന്നത്. കീടനാശിനികളൊന്നും ഉപയോഗിക്കാത്ത കൃഷിയിടത്തിൽ കീടനിയന്ത്രണത്തിനായി ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്.
തണ്ണിമത്തനിടയിൽ കുക്കുമ്പർ, വെള്ളരി, ചീര എന്നിവയും നട്ടിട്ടുണ്ട്.മാർട്ടിനു കൃഷിയിൽ പിൻബലമായി ഭാര്യ സിമിയും ഒപ്പമുണ്ട്. വിളവെടുത്ത തണ്ണിമത്തന് നാലു കിലോഗ്രാം തൂക്കമുണ്ട്.മധുരവും ജലാംശവുമേറെയുള്ള തണ്ണിമത്തൻ 40 രൂപ നിരക്കിലാണ് പ്രദേശവാസികൾക്ക് വിറ്റത്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ മികച്ച ക്ഷീരകർഷകനും സമ്മിശ്ര കർഷകനുമുള്ള പുരസ്കാരങ്ങൾ മാർട്ടിനു ലഭിച്ചിട്ടുണ്ട്.
തണ്ണിമത്തൻ്റെ വിളവെടുപ്പ് ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. വാർഡുമെമ്പർ ബിന്ദു രാജു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ലിഡജേക്കബ്, പെസ്റ്റ് സ്കൗട്ട് സിന്ധുകരുണാകരൻ, കർഷകൻ മാർട്ടിൻ, ഭാര്യ സിമി,തങ്കച്ചൻ പടിഞ്ഞാറെപുറത്ത്, സുധാകരൻ കൊച്ചുകരി, ബൈജു തൊട്ടുചിറ, സജി തുടങ്ങിയവർ സംബന്ധിച്ചു.