ടിവിപുരം: ടിവിപുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ കീഴിലുള്ള ഗുരുകുലം പഠന കളരിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു കൃതികളുടെ ആലാപനം നടത്തി. പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് 90കുട്ടികൾ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ കൃതികൾ ആലപിച്ചത്.
എസ് എൻ ഡി പി യോഗം വൈക്കം യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ ശ്രീനാരായണ കൃതികളും ഗുരുദേവ ദർശനവും കുട്ടികളെ പഠിപ്പിക്കുന്ന കനകാംബരൻ മാസ്റ്ററാണ് പഴുതു വള്ളിയിലെ വിദ്യാർഥികളെ ഗുരുദേവ കൃതികൾ അഭ്യസിപ്പിച്ചത്.
എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മുതൽ 4.30വരെയാണ് വിദ്യാർഥികൾക്ക് ക്ലാസ് നടത്തുന്നത്. കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ക്ലാസ് സഹായകരമാകുന്നുണ്ടെന്ന് കനകാംബരൻ മാസ്റ്റർ പറഞ്ഞു.