തീക്കോയി: കേരള സ്റ്റേറ്റ് റെസ്പോൺസിബിൾ ടൂറിസം മിഷൻ്റെ സഹകരണത്തോടെ വെള്ളികുളത്ത് ഡെസ്റ്റിനേഷൻ സെൻ്റർ ആരംഭിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പ്രസ്താവിച്ചു. പ്രശസ്ത ടൂറിസ്റ്റു കേന്ദ്രമായ വാഗമണ്ണിന് അഞ്ചുകിലോമീറ്റർ അകലത്തിൽ ഫാം ടൂറിസം, ഫാം സ്‌റ്റേ, ഹോം സ്‌റ്റേ, അഡ്വെഞ്ചർ ടൂറിസം തുടങ്ങിയ വിപുലമായ സാധ്യതകൾ കണക്കിലെടുത്താണ് ഡെസ്റ്റിനേഷൻ സെൻ്റർ സ്ഥാപിക്കുന്നത്.
വെള്ളികുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡൂസേഴ്സ് മാർക്കറ്റിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ കോ ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന സംരംഭത്തിൻ്റെ സാധ്യതാ വിശകലന യോഗം വെള്ളികുളം സ്കൂൾ ഹാളിൽ വെച്ചു നടന്നു.
സ്‌കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ സെൻ്റ് ആൻ്റ ണീസ് സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനം അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് റസ്പോൺസബിൾ ടൂറിസം മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ രൂപേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി.