കാവുംകണ്ടം: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ 2024- ലെ ബി വിഭാഗത്തിൽ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള ഒന്നാം സ്ഥാനം കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയ്ക്ക് ലഭിച്ചു. ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പാലാ രൂപത കുടുംബ കൂട്ടായ്മയുടെ 27-ാം വാർഷിക സമ്മേളനത്തിൽ വച്ച് കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, കുടുംബ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ ചേർന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
പാലാ രൂപതയിൽ നിന്നും കുടുംബ കൂട്ടായ്മയ്ക്ക് കാവുംകണ്ടം ഇടവകയ്ക്ക് ആദ്യമായിട്ടാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ വർഷം രൂപതയിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ഇടവകയിൽ എല്ലാമാസവും മുടങ്ങാതെ നടത്തുന്ന കുടുംബ കൂട്ടായ്മ സമ്മേളനവും കൂട്ടായ്മ കേന്ദ്രീകരിച്ചുള്ള കർമ്മപരിപാടികളുമാണ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുവാൻ ഇടയാക്കിയത്.
കൂട്ടായ്മാടിസ്ഥാനത്തിൽ നടത്തുന്ന നിരവധി ജീവകാരുണ്യ -സാമൂഹിക പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണ്. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ജാഗ്രത പ്രവർത്തനങ്ങളും വചനാധിഷ്ഠിത കർമ്മപരിപാടികളും കുടുംബ കൂട്ടായ്മ മികച്ചതാക്കി. കൂട്ടായ്മ വാർഷികാഘോഷ പരിപാടികൾ, കലാപരിപാടികൾ, ആദരിക്കൽ, അവാർഡ് വിതരണം തുടങ്ങിയ ശ്രദ്ധേയ പ്രവർത്തനങ്ങളിലൂടെയാണ് കാവുംകണ്ടം ഇടവകയ്ക്ക് രൂപതയിൽ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള ട്രോഫി കരസ്ഥമാക്കുവാൻ സാധിച്ചത്.