കുറവിലങ്ങാട്: കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ ചരിത്രപ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് ഫെബ്രുവരി 10 മുതൽ 12 വരെ തീയതികളിൽ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.
കോട്ടയത്തു നിന്ന് മലബാർ മേഖലയിലേക്ക് കുടിയേറിയ വിശ്വാസികൾക്ക് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്ന് നോമ്പ് തിരുനാളിന് എത്തുന്ന വിശ്വാസികളുടെ സൗകര്യാർത്ഥം വർഷങ്ങളായി നൽകിവരുന്ന സ്റ്റോപ്പാണ് ഈ വർഷം ഇല്ലാതായത്. തിരുനാൾ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുള്ള ഇടപെടലിൽ വന്ന വീഴ്ചയാണ് ഈ വർഷം സ്റ്റോപ്പ് ലഭിക്കാതിരുന്നതെന്ന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം ആരോപിച്ചു.
ചരിത്ര പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിന്റെയും കപ്പൽപ്രദക്ഷിണത്തിന്റെയും പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിചേരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം മുൻ വർഷങ്ങളിലെ പോലെ തന്നെ 16302/01 തിരുവനന്തപുരം- ഷൊറണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16303/04എറണാകുളം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്, 16449/50 നാഗർകോവിൽ- മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 16309/10 എറണാകുളം- കായംകുളം-എറണാകുളം മെമു എക്സ്പ്രസ്സ് എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് ഒരു മിനിട്ട് താത്കാലിക സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.