കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് 'ആരോഗ്യ-ആനന്ദ സംഗമം' വനിതാകൂട്ടായ്മ. അർബുദ പരിശോധനയും ചികിത്സയും നടത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും കുടുംബശ്രീയും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംഗമം 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിൻ ജില്ലാ ബ്രാൻഡ് അംബാസിഡറും അർബുദ അതിജീവിതയുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ കെ ഫോർ കെയർ സർട്ടിഫിക്കറ്റ് വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ബിന്ദു, നിർമ്മല ജിമ്മി എന്നിവർ നിർവഹിച്ചു. അർബുദ അതിജീവിത കൂടിയായ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അനുഭവപാഠങ്ങൾ പങ്കിട്ടു. 

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹേമലത പ്രേംസാഗർ, രാധാ വി. നായർ, രാജേഷ് വാളിപ്ലാക്കൽ, പി.ആർ. അനുപമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, കാൻസർ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ഡോ. ആർ. ഭാഗ്യശ്രീ എന്നിവർ പ്രസംഗിച്ചു.
'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാമ്പയിൻ ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും സ്ത്രീകളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുമായി ചേർന്ന് സംഗമം ഒരുക്കിയത്. കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. വിധു ജെയിംസിന്റെ നേതൃത്വത്തിൽ ജീവനക്കാർ അവതരിപ്പിച്ച സുംബ ഡാൻസോടെയാണ് പരിപാടി ആരംഭിച്ചത്. വിശിഷ്ടാതിഥികളും സുംബ ഡാൻസിൽ പങ്കാളികളായി. ഡോ.പി.എസ്. ശബരീനാഥ് അർബുദ ബോധവത്കരണ ക്ലാസെടുത്തു.
