ഈരാറ്റുപേട്ട: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം പാലാ സബ്ബ് ജയിലിലേക്ക് മാറ്റും. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിന് ജാമ്യം ലഭിച്ചില്ലെന്നത് തിരിച്ചടിയായി.
പോലീസിന്റെ അപേക്ഷ പ്രകാരം ചോദ്യം ചെയ്യലിനായിട്ടാണ് നിലവിൽ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് വൈകിട്ട് 6 വരെയുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണ് പോലീസിന് ലഭിക്കുക. പി സി ജോർജിന്റെ മെഡിക്കൽ എടുക്കാനുള്ള നടപടി ക്രമങ്ങൾക്കായി ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇതിനുശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചാനൽ ചർച്ചയിൽ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി.ജോർജ് കോടതിയിൽ രാവിലെ കീഴടങ്ങിയിരുന്നു. പോലീസ് സ്‌റ്റേഷനിൽ ഹാജരാകാതെ അഭിഭാഷകനും ബിജെപി നേതാക്കൾക്കുമൊപ്പം മജിസ്‌ട്രേറ്റിന് മുന്നിലാണ് പി.സി.ജോർജ് എത്തിയത്. രാവിലെ മുതൽ കോടതി മുറിയിൽ കാത്തിരുന്ന ശേഷം 2 മണിക്കാണ് കോടതി കേസ് വിളിച്ചത്. തുടർന്ന് പോലീസിന് കസ്റ്റഡിയിൽ കൈമാറുകയായിരുന്നു. ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ തുടർന്ന ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും. തുടർന്ന് പാലാ സബ്ബ് ജയിലിലേക്ക് കൊണ്ടുപോകും.
ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് മതവിദേഷ്വ പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിൽ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയിൽ ജാമ്യഹർജിയുമായി പോവുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് പി.സി ജോർജിന് നേരിടേണ്ടിവന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് നടപടികൾ നടത്തുന്ന സമയത്താണ് തിങ്കളാഴ്ച്ച ഹാജരാകാം എന്ന് കാണിച്ച് പി.സി ജോർജ് പാലാ ഡിവൈഎസ്പി ക്ക് കത്ത് നൽകിയത്. ആരോഗ്യപരമായ കാരണത്താലും സ്ഥലത്തു ഇല്ലാത്തതിനാലും തിങ്കളാഴ്‌ച ഉച്ചക്ക് മുമ്പായി ഹാജരാകാമെന്നായിരുന്നു പി.സി ജോർജ് കത്തിൽ പറഞ്ഞിരുന്നത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ പി.സി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് ബി.ജെ.പി. പ്രവർത്തകരും നേതാക്കളും എത്തിത്തുടങ്ങി. പിന്നാലെ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തി. പി.സി. ബി.ജെ.പി. പ്രവർത്തകർക്കൊപ്പം പ്രകടനമായി സ്റ്റേഷനിലേക്ക് എത്തിയേക്കാം എന്ന സ്ഥിതി മുന്നിൽക്കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. വീട്ടിൽ പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷോൺ വീട്ടിലുള്ളതു കൊണ്ട് തന്നെ പിസി വീട്ടിലെത്തുമെന്നും പോലീസ് കരുതി. ഷോൺ പുറത്തിറങ്ങിയാൽ പിന്തുടരാനും തീരുമാനിച്ചു. പക്ഷേ ഷോൺ പുറത്തു പോയില്ല. എന്നാൽ പിസി മരുമകൾക്കും അഭിഭാഷകനുമൊപ്പം അപ്രതീക്ഷിതമായി കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു. വൈകിട്ട് 6 മണിക്ക് പീസി ജോർജ്ജിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800