ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ കാലപ്പഴക്കത്തില്‍ തകര്‍ന്ന പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പുനര്‍നിര്‍മാണത്തിന് തുടക്കമായി. ഇന്ന് (ചൊവ്വാഴ്ച) മുതൽ ബസ് സ്റ്റാൻ്റ് അടച്ച് സ്റ്റാൻ്റിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. താൽക്കാലിക ബസ് സ്റ്റാൻഡായി മഞ്ചാടി തുരുത്ത് ഉപയോഗിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസും കൗൺസിലർ വി.പി നാസറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമീപ പ്രദേശങ്ങളിലെയും ഈരാറ്റുപേട്ടയിലെയും നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ഉപയോഗിച്ച് വരുകയും നൂറോളം ബസ്സുകൾ ദിനം പ്രതി കയറി ഇറങ്ങുന്നും ഉണ്ട്. കാലപ്പഴക്കത്താൽ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ഒന്ന്, രണ്ട് ചെറിയ അപകടങ്ങൾ മേൽക്കൂരയുടെ ഭാഗം അടർന്ന് വീണ് ഉണ്ടായിട്ടുള്ളതുമാണ്.
ഈരാറ്റുപേട്ട നഗരസഭയിലെ ഈ ഭരണ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റാണിത്. 23 കോടി രൂപ മുതൽ മുടക്കി നാല് നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി 45 കാർ പാർക്കിംഗ് ഉൾപ്പെടെ, ബസ്സുകൾക്ക് പാർക്ക് ചെയ്യുന്നതിന് കൂടുതൽ സൗകര്യവും ഒരുക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടത്തിനുള്ള പ്രാഥമിക അനുമതി നേടാനും കഴിഞ്ഞിട്ടുള്ളത്.
1982 ൽ അഡ്വ. ഹാജി വി.എം.എ കെരീം സാഹിബിൻ്റെ കാലത്താണ് നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തായിരുന്ന കാലത്തും നഗരസഭയുടെയും പ്രധാനപ്പെട്ട വരുമാന മാർഗ്ഗങ്ങളിൽ ഒന്നായിരുന്നിത്.
രണ്ട് മാസത്തിനുള്ളിൽ ബസ് സ്റ്റാൻഡ് കെട്ടിടം പണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പുതിയ കോംപ്ലക്സ് പൂർത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും, ബസ് ജീവനക്കാരും സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണെന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബദുൾ ഖാദർ പറഞ്ഞു.
ഈരാറ്റുപേട്ട നഗരസഭ 10/03/2025 തീയതിയിൽ ചേർന്ന സബ് കമ്മറ്റി തീരുമാനങ്ങൾ:
1) ഈരാറ്റുപേട്ട നഗരസഭയിലുളള മഞ്ചാടിത്തുരുത്ത്, പ്രൈവറ്റ് ബസ് സ്റ്റാന്റ് പണി പൂർത്തീകരിക്കുന്നതു വരെ താല്ക്കാലികമായി ബസ് സ്റ്റാന്റായി ഉപയോഗിക്കുവാൻ തീരുമാനിച്ചു.
2) കാഞ്ഞിരപ്പളളി –തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾക്ക് മാത്രമാണ് ടി പ്രദേശത്ത് പാർക്കിംഗിനും, ആളെകയറ്റിയിറക്കുന്നതിനും അനുവാദം നൽകിയിരിക്കുന്നത്.
3) കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സി.സി.എം ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടിത്തുരുത്തിൽ ആളെ ഇറക്കി പരമാവധി 10 മിനിറ്റ് പാർക്ക് ചെയ്ത് ആളെകയറ്റി മുഹദ്ദീൻ പളളി കോസ് വേ പാലം വഴി കുരിക്കൾ നഗർ ജംഗ്ഷനിൽനിന്നും ഇടത്ത് തിരിഞ്ഞ് കാഞ്ഞിരപ്പളളി റോഡിൽ പ്രവേശിക്കണം.
4) തൊടുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ സെൻട്രൽ ജംഗ്ഷനിൽ അരുവിത്തുറ പളളി വഴി സി.സി.എം. ജംഗ്ഷനിൽ നിന്നും മുഹദ്ദീൻ പളളി കോസ് വേ വഴി മഞ്ചാടി തുരുത്തിൽ പ്രവേശിച്ച് ആളെ കയറ്റി ഇറക്കി തിരിച്ച് കോസ് വേ, കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ വഴി തൊടുപുഴ ഭാഗത്തോട്ട് പോകേണ്ടതാണ്.
5) മഞ്ചാടിത്തുരുത്തിൽ പരമാവധി 10 മിനിറ്റ് മാത്രമേ വാഹനങ്ങൾക്ക് പാർക്കിംഗ് പാടുളളു.
6) കുരിക്കൾ ജംഗ്ഷൻ മുതൽ കോസ് വേ പാലം വരെ പൂഞ്ഞാർ റോഡിൽ നിന്നും വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു. ഈ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
7) പാലാ ഭാഗത്തുനിന്നും തീക്കോയി, പൂഞ്ഞാർ ഭാഗത്തേയ്ക്ക് പോകുന്ന ബസുകൾ കുരിക്കൾ നഗർ സ്റ്റോപ്പിന് ശേഷം പി.എം.സി. ഹോസ്പിറ്റലിന് മുൻവശത്ത് ആളെ കയറ്റി ഇറക്കേണ്ടതാണ്.
8) ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ച് തീർന്ന് സൈറ്റ്ക്ലിയർ ചെയ്തതിനു ശേഷം നിലവിൽ ബസ് ഇറങ്ങുന്ന ഭാഗം (വഴി) താല്ക്കാലിക ബസ് സ്റ്റോപ്പായി ഉപയോഗിക്കുന്നതാണ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800