കൊച്ചി: 2025 മാര്‍ച്ച് 23-ാം തീയതി ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കെസിബിസിയുടെ സർക്കുലർ വായിക്കും.
ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന മധ്യേ വായിക്കാന്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലര്‍:
വന്ദ്യ വൈദികരെ, സന്യസ്തരെ, മിശിഹായില്‍ പ്രിയരേ,
കേരള കത്തോലിക്കാ സഭ മാര്‍ച്ച് 23-ാം തീയതി മദ്യ-ലഹരിവിരുദ്ധ ഞായറാഴ്ചയായി ആചരിക്കുകയാണ്. സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മദ്യ-രാസ ലഹരിയെക്കുറിച്ച് സഭയായി ചര്‍ച്ച ചെയ്യുന്നതിനും ഈ മഹാവിപത്തിനെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് മദ്യ-ലഹരിവിരുദ്ധ ഞായര്‍ എന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 'മദ്യ-ലഹരിവിരുദ്ധ സഭയും സമൂഹവും' എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ 27 വര്‍ഷമായി കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തിച്ചുവരുന്നു.
മാരകമായ രാസ ലഹരിയുടെയും മദ്യത്തിന്റെയും നീരാളി പിടുത്തത്തിലാണ് ഇന്ന് നമ്മുടെ കേരളം. എവിടെയും മദ്യവും മയക്കുമരുന്നുകളും സുലഭം. ഇവയ്ക്ക് അടിമപ്പെടുന്നവരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. മദ്യത്തിന്റെയും രാസലഹരിയുടെയും ഉപയോഗംവഴി മനുഷ്യര്‍ ക്രൂരരും അക്രമാസക്തരും അപഹാസ്യരുമാകുന്നു. അതോടൊപ്പം, കുടുംബങ്ങളില്‍ സമാധാനം ഇല്ലാതാകുന്നു. അധ്വാനഫലം ചോര്‍ന്നുപോകുന്നു. സമ്പാദ്യങ്ങള്‍ നശിക്കുന്നു. അനുഗ്രഹം അന്യമാകുന്നു. കുടുംബങ്ങള്‍ അനാഥമാകുന്നു. ബന്ധങ്ങള്‍ തകരുന്നു. ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. ധാര്‍മികതയ്ക്ക് വിലയില്ലാതാകുന്നു. സ്വന്തം ഭവനത്തില്‍ പോലും സ്വന്തപ്പെട്ടവര്‍ക്ക് പേടിച്ച് കഴിയേണ്ട അവസ്ഥ. ചുരുക്കത്തില്‍, സമൂഹത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന സാമൂഹ്യ തിന്‍മയായി മദ്യ-രാസലഹരി ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്നു.
തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ വില്പനയും മദ്യ നിര്‍മ്മാണവും. ബാറിന്റെയും ബിവറേജ് ഔട്ടലെറ്റുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചും, ഐ.ടി. പാര്‍ക്കുകളില്‍ ബാറും പബ്ബും ആരംഭിച്ചുകൊണ്ടും അവസാനമായി പാലക്കാട് എലിപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് ബ്രൂവെറിക്ക് അനുമതി നല്‍കിയും നമ്മുടെ നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുന്നു. മറുവശത്ത്, പൊതുജനം ശാരീരികമായും മാനസികമായും തകര്‍ന്നു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ തന്നെ പദ്ധതിയായ ''അമൃതം ആരോഗ്യം'' എന്നതിലൂടെ പത്തു ലക്ഷത്തിലധികം പേരാണ് പുകയില ഉപയോഗം വഴിയുണ്ടായിട്ടുള്ള രോഗങ്ങള്‍ക്ക് ചികിത്സയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ രണ്ടാംഘട്ടത്തില്‍ 23 ലക്ഷം പേര്‍ക്കാണ് ചികിത്സ നല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കേരളം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇവിടെ നാം കാണുന്നത്. നമ്മുടെ നാടിന്റെ എല്ലാ മൂക്കിലും മൂലയിലും ലഹരി മാഫിയാകള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കേവലം, 18 വയസ്സിന് താഴെ പ്രായമുള്ളവരുടെ 'കുട്ടിഗുണ്ടാസംഘങ്ങള്‍' ലഹരിക്കടിമപ്പെട്ട് ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ ഇവിടെ നടമാടുമ്പോഴും അധികാരികളുടെ കണ്ണുകള്‍ അടഞ്ഞു തന്നെ.
കേരളത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന മദ്യ-രാസലഹരി മാഫിയായെ അമര്‍ച്ച ചെയ്യുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നും ഫലം കാണുന്നില്ല. ഒന്നാമതായി, രാസ ലഹരിയുടെ ദോഷഫലങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അഞ്ചാം ക്ലാസ് മുതല്‍ കോളേജ് തലംവരെയുള്ള ക്ലാസുകളില്‍ മദ്യ-രാസ ലഹരിയുടെ തിക്തഫലങ്ങള്‍ വിശദമായി പഠിപ്പിക്കണം. സംസ്ഥാന അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കണം. കേരളത്തിലേക്ക് തൊഴില്‍ തേടി പുറത്തു നിന്നുവരുന്നവരെ സമ്പൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാക്കണം. നമ്മുടെ മതബോധന ക്ലാസുകളില്‍ ഈ വിഷയം ഗൗരവമായി പഠിപ്പിക്കണം. കേരള ഹൈക്കോടതിയുടെ അഭിപ്രായത്തില്‍, യുവതലമുറയെയും പൊതുജനങ്ങളുടെ ആരോഗ്യത്തെയും തകര്‍ക്കുന്ന ആഗോള പകര്‍ച്ചവ്യാധിയാണ് മദ്യവും രാസലഹരികളും. നാടിന്റെ സാമ്പത്തിക സ്ഥിരതയെയും അതിന്റെ ബഹുവിധ സംവിധാനങ്ങളെയും ഇത് നശിപ്പിക്കുന്നു. മദ്യ-ലഹരിയുടെ വിപണനത്തിനും ഉപയോഗത്തിനും ശാശ്വത പരിഹാരം കാണുവാന്‍ സഭയ്ക്കും സഭയിലെ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ട്. മാരകമായ ഈ വിപത്ത് സംബന്ധിച്ച് വിശ്വാസികള്‍ ബോധ്യമുള്ളവരാകണം. കൂട്ടായപ്രാര്‍ത്ഥനകളും, ബോധവല്‍ക്കരണവും, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇടവകകളിലും കുടുംബങ്ങളിലും നടത്തണം.
''ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യവും ജീവിതവും നശിപ്പിക്കുന്നു''(YOUCAT-389). രാസ ലഹരിയുടെ വിനാശകരമായ പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞു: മയക്കുമരുന്ന് കച്ചവടക്കാര്‍ മരണ സംസ്‌കാരത്തിന്റെ വ്യാപാരികളാണ്. ചുരുക്കത്തില്‍, മയക്കുമരുന്നിന്റെ ഉപയോഗത്തെ എതിര്‍ക്കുകയും സമൂഹത്തില്‍നിന്ന് അത് ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ഒരോ ക്രൈസ്തവന്റെയും ധര്‍മ്മമാണ്. ഈ വിഷയത്തില്‍ സഭയും സമൂഹവും അനുഭവിക്കുന്ന വെല്ലുവിളികളെ നേരിടാനും ഫലപ്രദമായി പരിഹാരം കണ്ടെത്തുവാനുമായി കെ.സി.ബി.സിയുടെ വിവിധ കമ്മീഷനുകള്‍ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള സഭയിലെ എല്ലാ അല്മായ പ്രസ്ഥാനങ്ങളും സംഘടനകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകണം. മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരിക്കുന്ന ഈ അവസരത്തില്‍ സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ചിന്തിക്കുകയും മദ്യ-രാസ ലഹരിയില്‍ സഭാമക്കള്‍ ഉള്‍പ്പെടാതിരിക്കുകയും വേണം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, മദ്യ-രാസ ലഹരിക്ക് അടിമപ്പെടുന്നവരെ ചികിത്സിക്കുക, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്നീ ത്രിമാന പരിപാടികളിലൂടെ സമ്പൂര്‍ണ്ണ വിമോചനം നേടിയെടുക്കുവാനും, ഈ സാമൂഹ്യവിപത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമാക്കുവാനും ഈ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം സഹായകമാകട്ടെ എന്ന് ആശംസിക്കുന്നു! ഈ ലക്ഷ്യം നേടിയെടുക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാം.
മിശിഹായില്‍ സ്‌നേഹപൂര്‍വ്വം,
ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്
(ചെയര്‍മാന്‍, കെ.സി.ബി.സി മദ്യ-ലഹരിവിരുദ്ധ സിമിതി)
ബിഷപ്പ് ആര്‍. ക്രിസ്തുദാസ്
(വൈസ് ചെയര്‍മാന്‍)
ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍
(വൈസ് ചെയര്‍മാന്‍)
കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയം പി.ഒ.സി. കൊച്ചി-682023
ഈ സര്‍ക്കുലര്‍ 2025 മാര്‍ച്ച് 23-ാം തീയതി ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കണം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800