പാലാ: കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച എൽ.പി സ്കൂളായ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂൾ നവതി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. 1936 മെയ് 26ന് വെർണാക്കുലർ മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച സ്കൂളിന് അന്നും ഇന്നും മികവിൻ്റെ കാര്യത്തിൽ എതിരില്ല എന്നതിൽ തർക്കമില്ല.
സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപിക ഓ. ത്രേസ്യാ ആയിരുന്നു. പാഠ്യ -പാഠ്യേതര രംഗങ്ങളിൽ ഒരേ പോലെ മികവ് പുലർത്തി മുന്നോട്ടു പോയ സ്കൂൾ സ്ഥാപിതമായി ചുരുങ്ങിയ വർഷം കൊണ്ട് തന്നെ മികച്ച സ്കൂളായി പേരെടുത്തു.
പാലാ സബ് ജില്ലയിൽ ഉൾപ്പെടുന്ന ഈ സ്കൂളിൽ എൽ.കെ.ജി മുതൽ 4 വരെ ക്ലാസുകളിലായി അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്നു. പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം, പാലാ അൽഫോൻസാ പ്രൊവിൻസിൻ്റെ നേതൃത്വത്തിൻ കീഴിലാണ് സ്കൂൾ പ്രവൃത്തിക്കുന്നത്.
പ്രഥമാധ്യാപികയായ സി. ലിൻസി ജെ. ചീരാംകുഴിയുടെ നേതൃത്വത്തിൽ 16 അധ്യാപകരും സേവനം ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 29 കുട്ടികളെ വിജയികളാക്കി കോട്ടയം ജില്ലയിൽ തന്നെ മുൻ നിരയിലെത്തി. പാലാ ഉപജില്ലാ കലോത്സവത്തിലും, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ,പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ ഈ വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. പoന പ്രവർത്തനങ്ങളുടെ മികവിനു പുറമേ സംഗീതം, പ്രസംഗം, നൃത്തം, കരാട്ടേ, റോളർ സ്കേറ്റിംഗ്, യോഗ എന്നിവയിലെല്ലാം കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം മാർച്ച് ആറാം തീയതി വ്യാഴം രാവിലെ 10.30 ന് നടക്കുന്ന സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൽഷ്യൽ സുപ്പീരിയർ സി. ലിസ് ബിൻ പുത്തൻപുര അധ്യക്ഷത വഹിക്കും. പാലാ രൂപതാ കോർപ്പറേറ്റ് എജുക്കേഷണൽ എജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യ പ്രഭാഷണം നടത്തും. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോ സ്കോളർഷിപ്പ് വിതരണവും, പാലാ എ.ഇ.ഒ ഷൈല ബി. പ്രതിഭകളെ ആദരിക്കലും നടത്തും.
പാലാ ബി.പി.സി ഇൻചാർജ് കെ. രാജ് കുമാർ, ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ. ചീരാംകുഴി, പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്, വിദ്യാർത്ഥി പ്രതിനിധികളായ അതുൽ ഹരി, അലക്സ് ജോമോൻ, ഡെൽന സുനീഷ് എന്നിവർ പ്രസംഗിക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800