Hot Posts

6/recent/ticker-posts

നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി എൽഡിഎഫ് സർക്കാർ; ഏപ്രിൽ 21ന് തുടക്കം

തിരുവനന്തപുരം: ഇടതു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനാണ് മേഖലാ അവലോകന യോഗങ്ങള്‍ നടത്തുന്നത്.
മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും. 
ജില്ലാതല യോഗങ്ങള്‍: ഏപ്രില്‍ 21നു കാസര്‍കോട്, ഏപ്രില്‍ 22നു വയനാട്, ഏപ്രില്‍ 24നു പത്തനംതിട്ട, ഏപ്രില്‍ 28നു ഇടുക്കി, ഏപ്രില്‍ 29നു കോട്ടയം, മേയ് 5നു പാലക്കാട്, മേയ് 6നു കൊല്ലം, മേയ് 7നു എറണാകുളം, മേയ് 12നു മലപ്പുറം, മേയ് 13നു കോഴിക്കോട്, മേയ് 14നു കണ്ണൂര്‍, മേയ് 19നു ആലപ്പുഴ, മേയ് 20നു തൃശൂർ, മേയ് 21നു തിരുവനന്തപുരം.
ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുമായും ചര്‍ച്ചകൾ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥികൾ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായും സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഫഷണലുകളുമായും ചര്‍ച്ച നടത്തും.
സംസ്ഥാനതല യോഗങ്ങള്‍: മേയ് 3 യുവജനക്ഷേമം - കോഴിക്കോട്, മേയ് 4 വനിതാവികസനം - എറണാകുളം, മേയ് 10 സാംസ്‌കാരികം - തൃശൂര്‍, മേയ് 11 ഉന്നതവിദ്യാഭ്യാസരംഗം -കോട്ടയം, മേയ് 17 പ്രഫഷണലുകളുമായി ചര്‍ച്ച - തിരുവനന്തപുരം, മേയ് 18 പട്ടികജാതി - പട്ടികവര്‍ഗം - പാലക്കാട്.
പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകൾ, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍
ഭരണ നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. മേയില്‍ നാല് മേഖലകളിലാണ് യോഗം ചേരുക. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പധ്യക്ഷന്‍മാരും ചേര്‍ന്ന് ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങള്‍ നേരിടുന്നുണ്ടങ്കില്‍ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂര്‍ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.
മേഖലാ അവലോകന യോഗങ്ങള്‍: മേയ് 08 പാലക്കാട് ( പാലക്കാട്, മലപ്പുറം തൃശൂർ ജില്ലകൾ), മേയ് 15 തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), മേയ് 26- കണ്ണൂര്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്), മേയ് 29- കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം).
മേഖലാ അവലോകന യോഗങ്ങള്‍            സംഘടിപ്പിക്കുന്നതിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി. മേഖലാ അവലോകന യോഗങ്ങള്‍ നടക്കുന്ന ജില്ലയിലെ ജില്ലാ കലക്ടര്‍മാര്‍ക്ക് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകൾ നല്‍കും. യോഗത്തിനായുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിന് ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്