പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശി നൗഫിലിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 1,08000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ആറു വകുപ്പുകളിലായാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഏറെ സങ്കീര്‍ണമായ അന്വേഷണമാണ് കൊവിഡ് കാലത്ത് നടന്നതെന്നും സമയബന്ധിതമായി കുറ്റപത്രം നൽകിയെന്നും കോടതി ഉത്തരവിനുശേഷം പത്തനംതിട്ട അഡീഷണൽ എസ്‍പി ആര്‍ ബിനു പറഞ്ഞു.
സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. കേസിലെ പ്രതിയായ കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കൊവിഡ് രോഗിയെ ആംബുലന്‍സിൽ വെച്ച് നൗഫൽ പീഡിപ്പിച്ചത്.
കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു യുവതിയെ നൗഫൽ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചതും കേസിൽ നിർണായക തെളിവായി.
കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. 19കാരിയായ പെൺകുട്ടിയുമായി ഇയാൾ ഒറ്റയ്ക്കാണ് അടൂരിലേക്ക് പോയത്. വഴിമധ്യേ ആംബുലൻസ് ആറന്മുളയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ഇവിടെ വച്ചായിരുന്നു പീഡനം. ഇതിനുശേഷമാണ് പെൺകുട്ടിയെ ഇയാൾ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിയ ഉടനെ തന്നെ പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞു. തെളിവ് പൊലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസിലെ വിചാരണ പൂർണ്ണമായും വീഡിയോയിൽ പകർത്തി രഹസ്യ പാസ് വേഡ് ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുകയാണ്.