കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ കണ്ടറിഞ്ഞും ഒപ്പം കളിച്ചും ചിരിച്ചും സെൽഫി പോയിൻ്റുകളിൽ ക്ലിക്കിയും ആഘോഷത്തിൻ്റെയും കാഴ്ചാനുഭവങ്ങളുടേയും അരങ്ങും അനുഭവവുമായി എൻ്റെ കേരളം പ്രദർശന വിപണന മേള രണ്ടാം പിണറായി വിജയൻ സർക്കാർ കേരളത്തിൻ്റെ വികസന രംഗത്ത് എങ്ങനെ മാതൃകയായെന്ന് അടുത്തറിയാനും സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താനും നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിലേക്ക് എത്തുന്നത് ആയിരങ്ങൾ.
കോട്ടയം കണ്ട ഏറ്റവും വലിയ മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രദർശന വിപണന സ്റ്റാളുകളിലും മെഗാഭക്ഷ്യമേളയിലും വൻ തിരക്കനുഭവപ്പെട്ടു. കായിക വകുപ്പ് ഒരുക്കിയ പവലിയനിൽ മുഴുവൻ സമയവും കുട്ടികൾ കളിച്ചു തിമിർത്തു. ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ വെഡിങ് ഫോട്ടോ പോയിൻ്റിലും വിർച്വൽ ബീച്ചിലും ഫോട്ടോ എടുത്ത് മുതിർന്നവരും മേള ആഘോഷമാക്കി.