സിനിമ നിർമ്മാതാവും, വ്യവസായിയുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ ഹാജരാക്കുകയോ ചെയ്യണമെന്നാണ് ഇ ഡി നിർദ്ദേശം. അതേസമയം ഇന്നലെ കൊച്ചി ഓഫീസിൽ വച്ച് ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗോപാലനെതിരായ ഇ ഡി അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഹാജരാക്കിയ രേഖകളും അദ്ദേഹത്തിന്റെ മൊഴികളും അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നിലവിൽ നടക്കുന്നത്. 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമിക അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണവും നടന്നുവരികയാണ്.
ചട്ടലംഘനം നടത്തി വിദേശത്തുനിന്ന് എത്തിച്ച പണം എന്താവശ്യത്തിനാണ് ഗോകുലം ഗ്രൂപ്പ് ചെലവഴിച്ചത് എന്നതടക്കമുള്ള പരിശോധനകൾ ഇ ഡി നടത്തുന്നുണ്ട്. എമ്പുരാൻ എന്ന സിനിമ വിവാദത്തിന് പിന്നാലെ ചിത്രം 200 കോടി ക്ലബിൽ ഇടം പിടിക്കുക കൂടി ചെയ്തതോടെയാണ് നിർമാതാവ് കൂടിയായ ഗോകുലം ഗോപാലന് ഇഡി ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നത്.