തീക്കോയി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക.
നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
ഇതോടൊപ്പം തന്നെ PHC കിണർ നവീകരണം, പാർക്കിംഗ് ഷെഡ് നിർമ്മാണം, ചുറ്റുമതിൽ പൂർത്തീകരണം എന്നീ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. PHC ലേക്കുള്ള റോഡും മുറ്റവും കോൺക്രീറ്റും ടൈൽ പാകിയും വൃത്തിയാക്കിയിട്ടുണ്ട്. സോക്ക് പിറ്റ് നിർമ്മാണവും ഇതോടൊപ്പം പൂർത്തീകരിച്ചിട്ടുണ്ട്.
PHC യിൽ മരുന്നുവാങ്ങൽ ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. PHC യിൽ മരുന്നു വാങ്ങൽ 7 ലക്ഷം, പാലിയേറ്റീവ് കെയർ 11 ലക്ഷം, ലാബ് ടെക്നീഷ്യൻ വേതനം 3 ലക്ഷം, PHC കണ്ടിജന്റ് ചാർജ് 70,000/- എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 190 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം പരിചരണം നൽകുന്നുണ്ട്.
തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീക്കോയി പഞ്ചായത്തിലെ ജനങ്ങൾക്ക് പുറമേ തലനാട്, പൂഞ്ഞാർ തെക്കേക്കര, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും മരുന്നു വാങ്ങാൻ എത്തുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചില മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും എന്നാൽ അത് സമയാസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.